
വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് സമസ്ത. പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) മുശാവറയുടേതാണ് തീരുമാനം. ഇന്ന് കോഴിക്കോട് അടിയന്തിരമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
എല്ലാ മതവിഭാഗങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവര്‍ക്കിടയില്‍ വിഭാഗീയതയാണ് ഈ ബില്‍ സൃഷ്ടിക്കുകയെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധ ബില്ലെന്നാണ് വഖഫ് ഭേദഗതി ബില്ലിനെ യോഗം വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് ഈ ബില്‍. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഈ ബില്ലിന് പിന്നില്‍. പാര്‍ലമെന്റില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ നീതിപീഠത്തെ സമീപിക്കുകയെ വഴിയുള്ളൂവെന്നും മുശാവറ വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് മുശാവറ ഉദ്ഘാടനം ചെയ്തത്. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, സി. മുഹമ്മദ് ഫൈസി പന്നൂര്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.