വഖഫ് നിയമ ഭേദഗതി: 'പ്രതിഷേധ പരിപാടികൾ സമാധാനപരമായിരിക്കണം'; രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകരുതെന്ന് ജിഫ്രി തങ്ങള്‍

പുതിയ ഭേദഗതി അനാവശ്യവും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണെന്ന് ജിഫ്രി തങ്ങൾ ആരോപിച്ചു
ജിഫ്രി മുത്തുക്കോയ തങ്ങൾ
ജിഫ്രി മുത്തുക്കോയ തങ്ങൾ
Published on

വഖഫ് ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമുദായ സൗഹാർദത്തിന് കോട്ടം തട്ടുന്ന ഒരു പ്രതികരണവും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. സമസ്ത നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും ജിഫ്രി തങ്ങൾ അറിയിച്ചു.


പുതിയ ഭേദഗതി അനാവശ്യവും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണെന്ന് ജിഫ്രി തങ്ങൾ ആരോപിച്ചു. ഇതെല്ലാവരും തിരിച്ചറിഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ആർക്കും അവസരം നൽകരുതെന്നും തങ്ങൾ അറിയിച്ചു. പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാർ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെ വിവാദങ്ങൾക്കിടയിലും വഖഫ് നിയമ ഭേദ​ഗതി പ്രാബല്യത്തിൽ വന്നു.

വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത്‌ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സമസ്‌തയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരാക്കുക. അഭിഭാഷകനായ പി.എസ്. സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്. അടിയന്തരമായി നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത‌ സമർപ്പിച്ചിട്ടുണ്ട്.



രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബില്ലിനെ ഇതിനോടകം തന്നെ നിരവധി പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും രണ്ട് ദിവസം നീണ്ടുനിന്ന ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് വഖഫ് ഭേദഗതി ബിൽ 2025 പാസാക്കിയത്. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.

നിലവിലുള്ള നിയമത്തിൽ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. വഖഫ് നിയമത്തിൽ നിന്ന് നിരവധി വകുപ്പുകൾ റദ്ദാക്കാനും പുതിയ ബിൽ നിർദേശിക്കുന്നു. പുതിയ ഭേദഗതി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള വഖഫ് ബോർഡുകളുടെ ഏകപക്ഷീയമായ അധികാരം കുറയ്ക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് വിമർശനം. നിലവിലുള്ള വഖഫ് നിയമത്തിലെ സെഷൻ 40, നിർബന്ധിത പരിശോധന കൂടാതെ സ്വത്തുകൾ പരിശോധിച്ച് വഖഫ് സ്വത്തായി നിശ്ചയിക്കാൻ ബോർഡുകൾക്ക് അവകാശം നൽകുന്നു. എന്നാൽ പുതിയ ഭേദഗതി 40-ാം വകുപ്പ് പൂർണമായും ഒഴിവാക്കി സ്വത്ത് നിർണയിക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർക്ക് കൈമാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com