"ഗാസയിലെ യുദ്ധം നിർത്താം, പക്ഷേ..."; ഹമാസിന് മുന്നിൽ ഉപാധികൾ വെച്ച് നെതന്യാഹു

എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹമാസിന് മുമ്പാകെ ഇസ്രയേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ചത്.
"ഗാസയിലെ യുദ്ധം നിർത്താം, പക്ഷേ..."; ഹമാസിന് മുന്നിൽ ഉപാധികൾ വെച്ച് നെതന്യാഹു
Published on

ഒക്ടോബർ ഏഴിലെ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹമാസിൻ്റെ പ്രമുഖ നേതാവ് യഹ്യ സിൻവാറിനെ വധിച്ചതിന് പിന്നാലെ, ഗാസയിൽ യുദ്ധം നിർത്താൻ ഉപാധികൾ മുന്നോട്ടുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങാനും ബന്ദികളാക്കി വെച്ചവരെ തിരിച്ചയക്കാനും തയ്യാറായാൽ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് നെതന്യാഹു പറഞ്ഞു. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹമാസിന് മുമ്പാകെ ഇസ്രയേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ചത്.

"യഹ്യ സിൻവാർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ ധീരരായ പോരാളികളാണ് റഫയിൽ വെച്ച് യഹ്യയെ ഇല്ലാതാക്കിയത്. ഇത് ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമാണെന്ന് പറയാറായിട്ടില്ല. എന്നാൽ അന്ത്യത്തിലേക്കുള്ള തുടക്കമാണെന്ന് മാത്രം പറയാം. ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങാനും ബന്ദികളാക്കി വെച്ചവരെ തിരിച്ചയക്കാനും തയ്യാറായാൽ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണ്," നെതന്യാഹു പറഞ്ഞു. വ്യാഴാഴ്ച സിൻവാറും മറ്റു രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചിരുന്നു.

"ഇസ്രയേലിൻ്റേത് ഉൾപ്പെടെ ആകെ 23 രാജ്യങ്ങളുടെ പൗരന്മാരായ, 101 പേർ ഹമാസിൻ്റെ കസ്റ്റഡിയിൽ ഇപ്പോഴും ബന്ദികളാണ്. ഇസ്രയേലിൻ്റെ അധികാരം ഉപയോഗിച്ച് അവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ബന്ദികളെ തിരിച്ചെത്തിക്കാൻ സഹായിക്കുന്നവരുടെ മുഴുവൻ സുരക്ഷയും ഇസ്രയേൽ വഹിക്കും," നെതന്യാഹു പറഞ്ഞു.

"എന്നാൽ ഞങ്ങളുടെ ബന്ദികളെ ഉപദ്രവിക്കുന്നവരോട് പറയാൻ എനിക്ക് മറ്റൊരു സന്ദേശവുമുണ്ട്, ഇസ്രയേൽ നിങ്ങളെ വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഈ മേഖലയിലെ ജനങ്ങൾക്കായി പ്രതീക്ഷയുടെ ഒരു സന്ദേശം കൂടി എനിക്ക് കൈമാറാനുണ്ട്. ഇറാൻ നിർമിച്ച ഭീകരതയുടെ അച്ചുതണ്ട് നമ്മുടെ കൺമുന്നിൽ തകരുകയാണ്," നെതന്യാഹു പറഞ്ഞു.

ഹിസ്ബുള്ള തലവൻ ഹസൻ നസറള്ള ഉൾപ്പെടെയുള്ളവരുടെ വധത്തെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇറാൻ ഭരണകൂടം സ്വന്തം ജനതയ്ക്കും ഇറാഖ്, സിറിയ, ലെബനൻ, യെമൻ എന്നിവിടങ്ങളിലും അടിച്ചേൽപ്പിച്ച "ഭീകര ഭരണം" അവസാനിപ്പിക്കുമെന്ന് നെതന്യാഹു തറപ്പിച്ചു പറഞ്ഞു.

"നസറള്ള, അയാളുടെ ഡെപ്യൂട്ടി മൊഹ്‌സെൻ, ഹനിയേ, ദെഇഫ്, സിൻവാർ എയന്നിവരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ ഭരണകൂടം സ്വന്തം ജനതയുടെ മേലും ഇറാഖ്, സിറിയ, ലെബനൻ, യെമൻ എന്നീ രാജ്യങ്ങളുടെ മേലും അടിച്ചേൽപ്പിച്ച ഭീകര വാഴ്ചയും ഉടൻ അവസാനിക്കും," നെതന്യാഹു പറഞ്ഞു.

"മിഡിൽ ഈസ്റ്റിൽ സമൃദ്ധിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരും അതിനായി ഒന്നിക്കണം. നമുക്കൊരുമിച്ച് ഇരുട്ടിൻ്റെ ശക്തികളെ പിന്തിരിപ്പിക്കാനും, വെളിച്ചത്തിൻ്റേയും പ്രതീക്ഷയുടേയും നല്ലൊരു ഭാവി സൃഷ്ടിക്കാനും കഴിയും," നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com