
തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ യുഎസ് സീക്രട്ട് സര്‍വീസിനു നേരെ വന്‍ വിമര്‍ശനം. പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വെടിവെച്ചത് തോമസ് മാത്യൂ ക്രൂക്സെന്ന 20 വയസുകാരനാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. സംഭവത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ദ്രുതഗതിയില്‍ അന്വേഷണവും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സീക്രട്ട് സര്‍വീസില്‍ നിന്നും സ്വതന്ത്ര അവലോകനവും ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെയും സുരക്ഷ ചുമതല ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഭാഗമായ സീക്രട്ട് സര്‍വീസിനാണ്. ഇവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വേദിയുടെ പരിസര പ്രദേശങ്ങളില്‍ ശക്തമായ പരിശോധനകളും സുരക്ഷയും ഒരുക്കാറുണ്ട്. എന്നാല്‍ പെന്‍സില്‍വാനിയയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റാലി നടന്ന ബട്‌ലറില്‍ ഇത്തരം പരിശോനകള്‍ നടന്നിട്ടില്ലെന്നാണ് സീക്രട്ട് സര്‍വീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. ട്രംപ് പ്രസംഗിച്ചു കൊണ്ടിരുന്ന വേദിക്ക് 130 യാര്‍ഡുകള്‍ അകലെ ഒരു നിര്‍മാണ പ്ലാന്‍റിനു മുകളില്‍ നിന്നാണ് അക്രമി വെടിവെച്ചതെന്നതാണ് കാരണമായി ഉന്നയിക്കപ്പെടുന്നത്.
സീക്രട്ട് സര്‍വീസ് അധികൃതരെയും എഫ്ബിഐ ഉദ്യോഗസ്ഥരേയും വാദം കേള്‍ക്കാനായി വിളിപ്പിക്കണമെന്ന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വിവിധ സഭാ പാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പ്രതിനിധി സഭയില്‍ ഭൂരിപക്ഷം.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും അധിക സുരക്ഷ ഉറപ്പാക്കുന്ന ബില്ലു കൊണ്ടുവരാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍.