
തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായി കുടുംബങ്ങൾ. സ്വകാര്യ വ്യക്തികളുടെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികളിൽ നിന്നുമാണ് വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തിയത്. അഞ്ച് കുടുംബങ്ങളാണ് ദുരിതത്തിലായത്. വെള്ളപ്പൊക്കത്തിൽ ഒരു വീട് തകർന്നതോടെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കും താമസം മാറ്റിയിരിക്കുകയാണ് കുടുംബങ്ങൾ.
മുല്ലശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡായ പെരുവെല്ലൂരിലുള്ള ക്വാറികൾ പതിനഞ്ച് വർഷത്തിലേറെയായി പ്രവർത്തിക്കാതായിട്ട് . 2018ലെ മഹാപ്രളയം മുതലാണ് ക്വാറിക്ക് ചുറ്റുമുള്ള അഞ്ച് കുടുംബങ്ങളുടെ ദുരിതം തുടങ്ങിയത്.
ക്വാറിയോട് ചേർന്ന് താമസിക്കുന്ന വെട്ടിപ്പറ ജാനകിയുടെ വീടായിരുന്നു അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം തകർന്നത്. അപകട സമയം ജാനകി വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ക്വാറിയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മറ്റ് വീടുകളിലും കയറിയതോടെ ചുറ്റുമുള്ള നാല് കുടുബംങ്ങളും ഇവിടെ നിന്നും മാറി താമസിക്കുകയാണ്. പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമാണ് ഇപ്പോൾ ഇവരുടെ താമസം.
10 വർഷം മുൻപാണ് മിക്ക കുടുംബങ്ങളും ക്വാറിക്ക് സമീപമുള്ള പ്രദേശത്ത് വീട് വെച്ച് താമസം ആരംഭിച്ചത്. മുൻപും മഴക്കാലത്ത് ക്വാറിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിലും അന്നൊക്ക ക്വാറി വറ്റിച്ചിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ 2022 മുതൽ ക്വാറി ഉടമകൾ വെള്ളം വറ്റിക്കുന്നത് നിർത്തി. തുടർന്നുള്ള ഒരു വർഷം പഞ്ചായത്ത് ചെലവിൽ വെള്ളം വറ്റിച്ചു. എന്നാൽ ഈ വർഷം ഇവിടേക്ക് ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
മുല്ലശ്ശേരി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് കുടുംബങ്ങളുടെ ദുരിതത്തിന് കാരണം എന്ന കോൺഗ്രസ്സ് ആരോപിക്കുന്നു. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ക്വാറിയുണ്ടാക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് പരിമിതികളുണ്ടെന്നാണ് പഞ്ചായത്തിൻ്റെ വാദം. വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി ക്വാറി ഏറ്റെടുത്ത് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷെ സാങ്കേതിക തടസങ്ങൾ കാരണം നടപടികൾ നീളുകയാണ്. അതേസമയം കുടുംബങ്ങളുടെ ദുരതിത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ ക്വാറി വറ്റിച്ച് തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ പറഞ്ഞു.