
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് ശിൽപം അനാച്ഛാദനം ചെയ്തത്. മക്കളായ ചാണ്ടി ഉമ്മൻ, മകൾ മറിയ, കൊച്ചുമകൻ എഫിനോവ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് സുനിൽസ് വാക്സ് മ്യൂസിയത്തിലാണ് ആറ് മാസം കൊണ്ട് നിർമിച്ച ഉമ്മൻ ചാണ്ടിയുടെ പ്രതിമയുള്ളത്.
വർഷങ്ങൾക്ക് മുൻപുള്ള ഊർജസ്വലനായ ഉമ്മൻ ചാണ്ടി അടുത്ത് വന്ന് നിന്നതു പോലെയാണ് തോന്നിയതെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. പ്രതിമ തൊട്ട് നോക്കിയും വിതുമ്പിയുമാണ് ഭാര്യ മറിയാമ്മ ഉമ്മൻ ഓർമകൾ പങ്കുവച്ചത്. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു. മെഴുക് പ്രതിമ നിർമിക്കുന്നതിൽ സാധാരണ തനിക്ക് എതിർപ്പാണ്. പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുകയാണ് തൻ്റെ ലക്ഷ്യം, പക്ഷെ ഈ മെഴുക് പ്രതിമ കണ്ടപ്പോൾ ജീവൻ തുടിക്കുന്നത് പോലെ തോന്നിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.