
വയനാട് അമരക്കുനിയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. തൂപ്രഭാഗത്തു സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് എട്ട് വയസുള്ള കടുവ കുടുങ്ങിയത്.
ഇതോടെ പത്തു ദിവസത്തോളമായി പ്രദേശത്ത് നീണ്ടു നിന്ന കടുവ ഭീതിക്ക് അവസാനമായി. കടുവയെ പ്രാഥമിക നിരീക്ഷണത്തിനുശേഷം കുപ്പാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
അഞ്ച് കൂടുകളും 32 ക്യാമറ ട്രാപ്പുകളും കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിരുന്നു. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം, ആര്‍ആര്‍ടികള്‍ തുടങ്ങി എല്ലാവരുടെയും സംഘടിത ശ്രമത്തിലൂടെയാണ് കടുവയെ പിടിക്കാന്‍ സാധിച്ചതെന്ന് ചിതലത്ത് റേഞ്ച് ഓഫീസര്‍ രാജീവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ സഹകരണം എടുത്തു പറയേണ്ട ഒന്നാണെന്നും റേഞ്ച് ഓഫീസര്‍ പറയുന്നു.
കടുവയെ പകല്‍ സമയങ്ങളില്‍ കാണാതിരിക്കുന്നതും രാത്രി സമയങ്ങളില്‍ മാത്രം പുറത്തിറങ്ങി ആടുകളെ പിടിക്കുന്നതും എല്ലാം വലിയ വെല്ലുവിളിയായിരുന്നു എന്നും രാജീവ് പറഞ്ഞു.