
മൂന്നാം ദിനവും കടുവാ ഭീതിയൊഴിയാതെ വയനാട് അമരക്കുനി. വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ സമീപത്തെ കാപ്പിത്തോട്ടത്തിൽ തെർമൽ ഡ്രോൺ ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്തു. ഉടൻ മയക്കുവെടി വച്ചേക്കും. ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള മയക്കുവെടി വിദഗ്ധസംഘം സ്ഥലത്തെത്തി.
പ്രദേശത്ത് പുലർച്ചയോടെ കടുവ ആടിനെ കൊന്നിരുന്നു. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കടുവ ആക്രമിച്ചു കൊന്നത്. എന്നാൽ, വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ ലൊക്കേറ്റ് ചെയ്തത്. സംഭവത്തിൽ ജനങ്ങൾ ആശങ്കയിലാണ്.
കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട് അമരക്കുനി, കാപ്പിസെറ്റ്, ദേവർഗദ്ദ മേഖലയിലെ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്പിസെറ്റ് എംഎംജിഎച്ച്എസ്, കാപ്പിസെറ്റ് ശ്രീനാരായണ എഎൽപി, ആടിക്കൊല്ലി ദേവമാതാ എഎൽപി എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കടുവയെ തെരയുന്നതിനായി കഴിഞ്ഞദിവസം മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നു. വിക്രം എന്ന ആനയെയാണ് എത്തിച്ചത്. സുരേന്ദ്രൻ എന്ന കൊമ്പനെയും ദൗത്യത്തിന് എത്തിക്കും.