തെരഞ്ഞടുപ്പിന് ആവേശമേറുന്നു; വയനാട് മണ്ഡലത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായതോടെ 16 സ്ഥാനാർഥികളാണ് വയനാട്ടിൽ മത്സരരംഗത്തുള്ളതെന്നാണ് സ്ഥിരീകരണം.
തെരഞ്ഞടുപ്പിന് ആവേശമേറുന്നു; വയനാട് മണ്ഡലത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി
Published on

തെരഞ്ഞടുപ്പ് അടുക്കുമ്പോൾ മണ്ഡലങ്ങളിൽ നിറഞ്ഞ് സ്ഥാനാർഥികളും മുന്നണികളും. വയനാട്, പാലക്കാട് , ചേലക്കര, മണ്ഡലങ്ങളിൽ എല്ലാം തന്നെ മുതിർന്ന നേതാക്കളടക്കം പങ്കെടുത്ത് കൊണ്ടുള്ള പ്രചരണ പരിപാടികൾ നടക്കുകയാണ്. യുഡിഎഫ് ക്യാമ്പിന് ആവേശം പകർന്ന് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഇന്നലെയോടെ വയനാട്ടിലെത്തിയിരുന്നു.

മൂന്ന് നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ച കോർണർ യോഗങ്ങളിൽ പ്രിയങ്കയെ കേൾക്കാൻ വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ഇന്ന് കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ പ്രിയങ്കയുടെ കോർണർ മീറ്റിംഗുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെയോടെ മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധി പ്രചരണരംഗത്ത് സജീവമാണ്. റോഡരികിൽ കാത്തുനിന്ന ജനങ്ങളെ കണ്ട പ്രിയങ്ക വാഹനത്തിൽ നിന്നും ഇറങ്ങി ചെന്ന് സംസാരിക്കാൻ തുടങ്ങിയതോടെ ആളുകളും വലിയ ആവേശത്തിലായി. ആൾക്കൂട്ടത്തിൽ പലയിടത്തും വാഹന ഗതാഗതവും തടസപ്പെട്ടു.

ദുരന്തത്തെ പോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും, പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതെന്നും പ്രിയങ്ക ചോദിച്ചു. വയനാടുകാരുടെ ധീരതയെ പ്രകീര്‍ത്തിച്ചും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ഓര്‍മിപ്പിച്ചുമാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. 

അതേസമയം പ്രിയങ്ക ഗാന്ധിയുടെ സ്വത്തു വിവരത്തെ സംബന്ധിച്ച് നാമനിർദേശ പത്രികയിൽ സമർപ്പിച്ച വിവരങ്ങളെ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൂടാതെ തെരഞ്ഞടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയും  നടത്തിയിരുന്നു. പരിശോധന പൂർത്തിയായതോടെ 16 സ്ഥാനാർഥികളാണ് വയനാട്ടിൽ മത്സരരംഗത്തുള്ളത്.

ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായ സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com