വയനാട് സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ കോൺഗ്രസ്; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ യാത്ര

രാഹുൽ ഗാന്ധിയുടെ സഹോദരിയെന്നതിലുമപ്പുറം കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമാണ് പ്രിയങ്ക
വയനാട് സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ കോൺഗ്രസ്; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ യാത്ര
Published on

ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക കോൺഗ്രസ് പുറത്തുവിട്ടതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി വദ്ര. നവംബർ 13നാണ് വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി എംപിയായിരുന്ന മണ്ഡലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക സീറ്റ് ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ സഹോദരിയെന്നതിലുമപ്പുറം കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായ നോതാവ് കൂടിയാണ് പ്രിയങ്ക ഗാന്ധി വദ്ര.

രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി റയ്ബറേലി തെരഞ്ഞെടുത്തോടെയാണ് വയനാടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിന്നാലെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി വദ്രയെ മത്സരിപ്പിക്കാമെന്ന് ജൂണിൽ തന്നെ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ജൂൺ 17ന് ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഉന്നത നേതൃയോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

1999 മുതലാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ സജീവമാവുന്നത്. പ്രാരംഭഘട്ടത്തിൽ അമ്മ സോണിയ ഗാന്ധിക്ക് വേണ്ടി അമേഠിയിൽ പ്രചാരണം നടത്താൻ പ്രിയങ്ക മുൻപന്തിയിലുണ്ടായിരുന്നു. നീണ്ടകാലം രാഷ്ട്രീയത്തിൽ സാന്നിധ്യമുണ്ടായിരുന്നിട്ട് പോലും അവർ ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.

2019ൽ കിഴക്കൻ ഉത്തർപ്രദേശിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഔദ്യോഗിക പ്രവേശനത്തിന് മുൻപായി രാഹുൽ ഗാന്ധിയുടേയും അമ്മ സോണിയ ഗാന്ധിയുടേയും പ്രചാരണത്തിൽ ഏർപ്പെട്ടിരുന്നു.


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കാ ഗാന്ധി, ഉത്തർപ്രദേശിലെ കോൺഗ്രസിനെ പിടിച്ചുയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും, സ്ത്രീ ശാക്തീകരണത്തിൽ കേന്ദ്രീകരിച്ച് കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ പ്രിയങ്കാ ഗാന്ധിയുണ്ടായിരുന്നു. പിന്നാലെ പ്രിയങ്ക ഗാന്ധി ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന മുഖമായി മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com