രാഹുലിന്റെ കൈപിടിച്ച് വയനാട്ടിലൂടെ ചുവടുറപ്പിക്കാനെത്തുന്ന പ്രിയങ്ക

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വയനാടെന്ന സുരക്ഷിത മണ്ഡലത്തിലൂടെ സഹോദരൻ്റെ കൈപിടിച്ച് പ്രിയങ്ക വരവറിയിച്ചിരിക്കുകയാണ്...
രാഹുലിന്റെ കൈപിടിച്ച് വയനാട്ടിലൂടെ ചുവടുറപ്പിക്കാനെത്തുന്ന പ്രിയങ്ക
Published on

വയനാട് തെരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ നൽകിക്കൊണ്ട് പ്രിയങ്കാ ഗാന്ധിയെ കളത്തിൽ ഇറക്കി കോൺഗ്രസ് അണിയറയിൽ ഒരുക്കുന്ന നീക്കങ്ങൾ എന്തൊക്കെയാണെന്നനറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

സഹോദരൻ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി വന്ന് ജനമനസ് കീഴടക്കാനുള്ള ശ്രമങ്ങൾ എത്രത്തോളം വിജയം കാണും? ചരിത്ര ഭൂരിപക്ഷം നേടി വിജയക്കൊടി പാറിച്ച രാഹുലിൻ്റെ ചരിത്രം ആവർത്തിക്കപ്പെടുമോ, ഭൂരിപക്ഷം മറികടക്കുമോ എന്നൊക്കെയാണ് പാർട്ടിക്കുള്ളിലും പൊതുജന മധ്യത്തിലും നടക്കുന്ന പ്രധാന ചർച്ച. 1999 ൽ "ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഒരിക്കലും കടന്നുവരാൻ ആ​ഗ്രഹിക്കുന്നില്ല" എന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പ്രിയങ്ക, ഇന്ന് ദേശീയതലമാകെ ഉറ്റുനോക്കുന്ന മണ്ഡലത്തിൻ്റെ എംപി സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

എന്നും 'കൈ'പിടിക്കുന്ന വയനാട്

2009ലാണ് വയനാട് മണ്ഡലം സ്ഥാപിതമായത്. അന്നു മുതൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ശീലമാണ് വയനാട്ടുകാർ പിന്തുടർന്ന് പോകുന്നത്. 2009 ൽ കോൺഗ്രസിലെ എം.ഐ ഷാനവാസ് 1,53,439 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 4,10,703 വോട്ടുകൾ നേടിയ ഷാനവാസ് ആകെ പോൾ ചെയ്തതിൻ്റെ 49.8 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. സിപിഐ സ്ഥാനാർഥി അഡ്വ: എം. റഹ്മത്തുള്ള 257, 264 (31 ശതമാനം)വോട്ടും, എൻസിപി സ്ഥാനാർഥി കെ. മുരളീധരൻ 99, 663 ( 12.1 ശതമാനം) വോട്ടുമാണ് നേടിയത്.

2014ലെ തെരഞ്ഞെടുപ്പിലും എം.ഐ ഷാനവാസ് വിജയം ആവർത്തിച്ചു. 3,77,035 വോട്ടുകൾക്കായിരുന്നു (41.2 ശതമാനം)കോൺഗ്രസ് സ്ഥാനാർഥിയുടെ ജയം. ഇടതുപക്ഷ സ്ഥാനാർഥിയായ സത്യൻ മൊകേരി 356,165 വോട്ടുകളാണ് (38.9)നേടിയത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായ സ്‌മിൽനാഥിന് 80, 752 വോട്ടുകൾ (8.8 ശതമാനം ) മാത്രമാണ് നേടാനായത്. 

2019ലെ പൊതുതെരഞ്ഞെടുപ്പിൽ 706,367 വോട്ടുകളാണ്(64.7 ശതമാനം)രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ലഭിച്ചത്. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധി നേടിയത്. കേരളം അന്നേ വരെ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് വയനാട് രാഹുലിന് സമ്മാനിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി പി.പി. സുനീറിന് 2,74,597 വോട്ടുകളും, ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടുകളുമാണ് ലഭിച്ചത്.

2024ലെ തെരഞ്ഞടുപ്പിൽ 6,47,445 വോട്ടുകൾക്കായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. ആകെ പോൾ ചെയ്തതിൻ്റെ 59.69 ശതമാനം വോട്ടാണ് കോൺഗ്രസ് പെട്ടിയിൽ വീണത്. ഇടതുപക്ഷ സ്ഥാനാർഥിയായ ആനിരാജയ്‌ക്ക് 2,83,023 വോട്ടുകളും (26.09ശതമാനം), ബിജെപി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് 1,41,045 വോട്ടുകളുമാണ് (13 ശതമാനം)മാത്രമാണ് നേടാൻ സാധിച്ചത്.


വയനാട് രാഹുലിൻ്റെ 'കൈ'പിടിയിൽ

2019 ൽ കേരള രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധിയുടെ വരവ് അക്ഷരാർഥത്തിൽ തീർത്തത് ഒരു തരംഗം തന്നെയാണ്. ദേശീയ രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾ മാറിമാറയുന്ന സ്ഥിതിവിശേഷമായപ്പോൾ സുരക്ഷിതതാവളം തേടിയിറങ്ങിയ കോൺഗ്രസിൻ്റെ കണ്ണുകളുടക്കിയത് വയനാടൻ മണ്ണിലായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥിരം മണ്ഡലമായ അമേഠിയിൽ തോറ്റുപോയേക്കാമെന്ന അവസ്ഥ വന്നപ്പോഴാണ് കോൺഗ്രസ് നേതൃത്വമാകെ വയനാട്ടിലേക്ക് ചേക്കറിയത്. രാഹുലിൻ്റെ വരവും, മോദി വിരുദ്ധ തരം​ഗവും രാഹുലിനെ മാത്രമല്ല, കേരളത്തിലൊട്ടാകെ കോൺ​ഗ്രസിനെ തുണച്ചിരുന്നു. കേരളം അന്നേ വരെ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ ഭൂരിപക്ഷം നൽകി വയനാട്ടുകാർ രാഹുലിനെ വിജയിപ്പിച്ചു.

2024ലെ തെരഞ്ഞടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ, ഏതെങ്കിലുമൊരു മണ്ഡലം ഒഴിയാൻ നിർബന്ധിതനായതിനെ തുടർന്ന് വയനാടിന് കൊടുത്ത കൈ രാഹുൽ ഗാന്ധി വിടാൻ തീരുമാനിച്ചു. കോൺഗ്രസിൻ്റെ സുരക്ഷിതമണ്ഡലം എന്ന പേര് നേടിയ മണ്ഡലത്തെ കൈ വിടുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആലോചിക്കാൻ പോലുമാകാത്ത കാര്യമായി.

ഇതേതുടർന്ന് ഉപതെരഞ്ഞടുപ്പിനുള്ള ചർച്ചാവേളയിൽ കോൺഗ്രസിനൊരു സ്ഥാനാർഥിയെ അവതരിപ്പിക്കാൻ അധികസമയം വേണ്ടി വന്നില്ല. രാഹുൽ ഗാന്ധിക്ക് കൊടുത്ത സ്നേഹവും ആവേശവും ഒട്ടും ചോരാതെ വയനാട്ടുകാർക്ക് മുന്നിൽ കോൺഗ്രസ് നേതൃത്വം പ്രിയങ്കാ ഗാന്ധിയെ അവതരിപ്പിച്ചു.

20 വർഷമായി രാഷ്ട്രീയ രംഗത്ത് സജീവമായ പ്രിയങ്ക ഗാന്ധിയുടെ പേര് ഓരോ സ്ഥാനാർഥി നിർണയവേളയിലും ഉയരാറുണ്ട്. അപ്പോഴെല്ലാം, രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന ടാഗ് ലൈനിൽ നിന്ന്, സഹോദരനു വേണ്ടി പ്രവർത്തിക്കാനായിരുന്നു പ്രിയങ്കയുടെ തീരുമാനം. ഒടുവിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വയനാടെന്ന സുരക്ഷിത മണ്ഡലത്തിലൂടെ സഹോദരൻ്റെ കൈപിടിച്ച് പ്രിയങ്ക വരവറിയിച്ചിരിക്കുകയാണ്...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com