പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം; സോണിയയും രാഹുലും ഖാര്‍ഗെയും എത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തേക്കും

ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന പ്രിയങ്കയുടെ വരവ് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പദ്ധതി.
പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം; സോണിയയും രാഹുലും ഖാര്‍ഗെയും എത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തേക്കും
Published on

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ദേശീയ നേതാക്കളുടെ നീണ്ട നിര. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന പ്രിയങ്കയുടെ വരവ് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പദ്ധതി.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ കോൺഗ്രസ് മുഖ്യമന്ത്രിമാരും എത്തിയേക്കും.

ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു , കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവര്‍ വയനാട്ടിലെത്തുമെന്നാണ് സൂചന.

നാളെ മൈസൂരില്‍ എത്തുന്ന പ്രിയങ്ക വൈകിട്ടോടെ വയനാട്ടിലെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും പ്രിയങ്കക്കൊപ്പമുണ്ടാകും.

സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ പ്രിയങ്കയ്ക്ക് വേണ്ടിയുള്ള പ്രചാരണം പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് സീറ്റ് ഒഴിയുകയും ചെയ്ത സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസും മത്സരിക്കും. 364,422 എന്ന രാഹുല്‍ ഗാന്ധി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമോയെന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com