വയനാട് ഡിസിസി ട്രഷററുടെ മരണം: 'കത്ത് കണ്ടിട്ടില്ല'; തന്‍റെ പേര് വ്യാജമായി എഴുതിയതെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞുവെന്നും എന്‍.എം. വിജയന്‍റെ കത്തില്‍ ആരോപണമുണ്ട്
വയനാട് ഡിസിസി ട്രഷററുടെ മരണം: 'കത്ത് കണ്ടിട്ടില്ല'; തന്‍റെ പേര് വ്യാജമായി എഴുതിയതെന്ന് ഐ.സി.  ബാലകൃഷ്ണന്‍ എംഎല്‍എ
Published on

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കത്തിൽ തന്റെ പേര് വ്യാജമായി എഴുതിയതെന്ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎ. ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ല. വിജയന്റെ കത്ത് കണ്ടിട്ടില്ല. വിഷയം കൃത്യമായി പരിശോധിക്കുമെന്നും ഐ.സി ബാലകൃഷ്ണൻ അറിയിച്ചു.

എൻ.എം. വിജയൻ ഒരു ബാധ്യതയെപ്പറ്റിയും പറഞ്ഞിട്ടില്ല. ആരൊക്കെ ഇതിന് പിന്നിലുണ്ടെന്ന് കണ്ടെത്തട്ടെ.  പാർട്ടിയും പൊലീസും അന്വേഷിക്കട്ടെയെന്നും ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം കുറേ കാലമായി തന്നെ വേട്ടയാടുന്നുവെന്നും എംഎൽഎ ആരോപിച്ചു. തന്റെ സാമ്പത്തിക സ്രോതസുകൾ പരിശോധിക്കട്ടെയെന്നും ഐ.സി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

വയനാട് ഡിസിസി ട്രഷററർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പുറത്തുവന്നത്. നാല് കത്തുകൾ ആണ് വിജയന്‍റേതായി ലഭിച്ചത്. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചനും മുന്‍ ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി. ബാലകൃഷ്ണനും പണം വാങ്ങാൻ ഇടപ്പെട്ടുവെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നുമാണ് കത്തുകളില്‍. സഹകരണ ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ ഐ.സി. തിരികെ നൽകി. ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായി എന്നുമാണ് വിജയന്‍ കത്തില്‍ എഴുതിയിരിക്കുന്നത്. ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞുവെന്നും കത്തില്‍ ആരോപണമുണ്ട്.  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും രാഹുൽഗാന്ധി എംപിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമായാണ് കത്തെഴുതിയിരിക്കുന്നത്.

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com