
വയനാട്ടിലേത് സാധാരണ പുനരധിവാസമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓരോ കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കണമെന്നും തൊഴിൽ നൽകാൻ സർക്കാർ തയ്യാറാകാണമെന്നും കൃഷിചെയ്യുന്നവർക്ക് അതിനുള്ള സംവിധാനമൊരുക്കണമെന്നും സതീശൻ പറഞ്ഞു. ഇനി ദുരന്തമുണ്ടാകാതെ നോക്കാനുള്ള സംവിധാനം ഒരുക്കണം. ഡ്രോൺ മാപ്പിംഗും നടത്തണം. ഇതിനായി എല്ലാ രീതീയിലും പ്രതിപക്ഷം സർക്കാരുമായി സഹകരിക്കും എന്നാൽ ഇത് കഴിഞ്ഞ് എല്ലാം മറന്ന് പോകുന്ന സ്ഥിതി ഉണ്ടാവരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, വയനാടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ 'എൽ 3' പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെങ്കിൽ ആ നിലയിലുള്ള സഹായം കേരളത്തിന് കേന്ദ്ര സർക്കാർ നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് തടസമായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറയുന്നതിൽ സത്യങ്ങളുണ്ട്. ദേശീയ ദുരന്തം എന്ന് ഇപ്പോൾ പ്രഖ്യാപിക്കാറില്ല. അങ്ങനൊരു പ്രയോഗം ഇപ്പോഴില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.