വയനാട് ദുരന്തം: ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 514.14 കോടി രൂപ, പുനരധിവാസത്തിനായി മാതൃക ടൗണ്‍ഷിപ്പ്

രാജ്യത്തിനാകെ മാതൃകയായ ദുരന്ത രക്ഷാ പ്രവർത്തനങ്ങളാണ് വയനാട്ടില്‍ നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
വയനാട് ദുരന്തം: ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 514.14 കോടി രൂപ, പുനരധിവാസത്തിനായി മാതൃക ടൗണ്‍ഷിപ്പ്
Published on

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത രക്ഷാ പ്രവർത്തനവും പുനരധിവാസ പദ്ധിതികളും വിശദീകരിച്ച് ചട്ടം 300 പ്രകാരമുള്ള പ്രമേയം അവതരിപ്പിച്ച് റവന്യൂ മന്ത്രി കെ രാജൻ. നാട് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ദുരന്തമാണ് 2024 ജൂണ്‍ 30ന് പുലർച്ചെ വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല-മുണ്ടക്കൈ-പുഞ്ചരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചരിമട്ടം നിത്യഹരിത വനത്തിനുള്ളിലായിരുന്നു ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രം. തെന്നിമാറിയ ഭൂമിയും പാറയും അടങ്ങിയ ഉരുള്‍ പുന്നപ്പുഴ വഴി എട്ട് കി.മീ വരെ ഒഴുകിയെത്തി. അവശിഷ്ടങ്ങളുടെ ഒഴുക്ക് മണിക്കൂറില്‍ 100.8 കി.മീ വരെ വേഗത കൈവരിച്ചുവെന്നാണ് കണക്കാക്കുന്നതെന്നും സഭയെ അറിയിച്ചു.

രാജ്യത്തിനാകെ മാതൃകയായ ദുരന്ത രക്ഷാ പ്രവർത്തനങ്ങളാണ് വയനാട്ടില്‍ നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ കേന്ദ്ര സംസ്ഥാന സേനകളേയും സാങ്കേതിക വിഭാഗങ്ങളേയും മറ്റ് വിഭാഗങ്ങളേയും ദുരന്ത മുഖത്തെത്തിച്ച് ഊർജിതമായ പ്രവർത്തനം നടത്തി. സംഭവ സ്ഥലത്തുണ്ടായിരുന്ന ഏഴ് ആപ്ത - മിത്ര വോളന്‍റിയർമാരും ജനങ്ങളും ചേർന്നാണ് ആദ്യ രക്ഷാ പ്രവർത്തനം നടത്തിയത്. തുടർന്ന് ഒരു മണിക്കൂറിനുള്ളില്‍ അഗ്നി രക്ഷാ സേനയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മുന്‍കൂറായി വിന്യസിച്ചിരുന്ന ദേശീയ ദുരന്ത നിവാരണ സേന 4.30 ഓടെ രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി. കരസേനയുടെയും വ്യോമസേനയുടെയും സഹായം കേരള സർക്കാർ ആവശ്യപ്പെട്ടു. രാവിലെ തന്നെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാല് മന്ത്രിമാർ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചു. കേന്ദ്ര സംസ്ഥാന സേന വിഭാഗത്തിലെ 1800ല്‍ അധികം പേർ രക്ഷാ പ്രവർത്തനത്തില്‍ ഏർപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേനയിലെ 126, ഡിഫന്‍സ് സെക്യാരിറ്റി കോർപ്സിലെ 187, ആർമിയുടെ 582, എന്‍ജിനിയറിങ് ടാസ്ക് ഫോസിന്‍റെ 184, നേവി 137, കോസ്റ്റ് ഗാർഡ് രണ്ട് ടീം, ആർമിയുടെ കഡാവർ നായകള്‍ . ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചതായി മന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി ആദ്യം തന്നെ താല്‍ക്കാലിക പാലം നിർമിക്കുകയും പിന്നീട് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ബെയ്‌ലി പാലം നിർമിക്കുകയും ചെയ്തു. പരുക്കേറ്റ 630 പേർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി. 1300ല്‍ അധികം പേരെ പ്രദേശത്തുനിന്നും മാറ്റി താമസിച്ചു. ജനകീയ തെരച്ചിലില്‍ 2000ല്‍ ഏറെ പേർ പങ്കെടുത്തു. നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ തന്നെ രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചു. ഒരു മന്ത്രി 50-ാം ദിവസം വരെ രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളും ദുരന്ത മേഖലയില്‍ നിന്നും മലപ്പുറം ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തി. 17 കുടുംബങ്ങളില്‍ ആകെയുണ്ടായിരുന്ന 58 ആളുകളും കൊല്ലപ്പെട്ടു. 6 കുട്ടികള്‍ ഉള്‍പ്പെടെ 21 പേർ അനാഥരായി. 173 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔദ്യോഗിക ബഹുമതികളോടെയും പുത്തുമല പ്രദേശത്ത് പൊതു ശ്മശാനം ഒരുക്കി സംസ്ക്കരിച്ചു. 48 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കെ. രാജന്‍ സഭയിയെ അറിയിച്ചു.

ദുരന്തത്തിന് ശേഷം ഇതുവരെ 514.14 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രക്രിയക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധസംഘടനകളും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സമഗ്രമായ പുനരധിവാസ പാക്കേജാണ് സർക്കാർ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ മാതൃക ടൗണ്‍ഷിപ്പ് നിർമിക്കാന്‍ സർക്കാർ തീരുമാനിച്ചു. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. രണ്ടാംഘട്ടത്തിൽ വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവരെയും പുനരധിവസിപ്പിക്കുമെന്നും രാജന്‍ കൂട്ടിച്ചേർത്തു.


ഗുരുതരമായി പരുക്കേറ്റവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 50,000 രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. കണ്ണുകള്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമെ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും 60 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കെ. രാജന്‍ സഭയെ അറിയിച്ചു.

Also Read: സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു; എഡിജിപിയും മലപ്പുറം പരാമർശവും ചർച്ചയാകുന്നു, മുഖ്യമന്ത്രി സഭയിലില്ല

ദുരന്തത്തിൽ വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും പ്രധാനമന്ത്രിയെ നേരില്‍കണ്ട് ഒരിക്കല്‍ക്കൂടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നഷ്ടം കണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു വെങ്കിലും ദുരന്തത്തിന്‍റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടം വാങ്ങിയവർ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ട് റിസർവ് ബാങ്കിനേയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തേയും ബന്ധപ്പെട്ട് അവ എഴുതിത്തള്ളാന്‍ ശുപാർശ ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com