വയനാട്ടില്‍ എച്ച്‌ഐവി ബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണം നിലച്ചിട്ട് മാസങ്ങള്‍, ദുരിതത്തിലായി 200ലധികം രോഗബാധിതര്‍

വയനാട് ജില്ലാ പഞ്ചായത്താണ് 28 ലക്ഷം രൂപ വകയിരുത്തി 13 ഇനങ്ങള്‍ ഉള്‍പ്പെടുന്ന പോഷകാഹാര കിറ്റുകള്‍ ഇവര്‍ക്ക് നല്‍കി വരുന്നത്.
വയനാട്ടില്‍ എച്ച്‌ഐവി ബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണം നിലച്ചിട്ട് മാസങ്ങള്‍, ദുരിതത്തിലായി 200ലധികം രോഗബാധിതര്‍
Published on


വയനാട് ജില്ലയില്‍ എച്ച്‌ഐവി ബാധിതരുടെ പോഷകാഹാര കിറ്റുകളുടെ വിതരണം നിലച്ചിട്ട് മാസങ്ങള്‍. വിതരണം ചെയ്യാന്‍ എത്തിച്ച ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച് ഒരു മാസം കഴിഞ്ഞിട്ടും ഫലം വന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതോടെ പോഷകാഹാര കിറ്റ് ലഭിക്കേണ്ട ജില്ലയിലെ 200 ലധികം എച്ച്‌ഐവി ബാധിതരാണ് ദുരിതത്തിലായിരിക്കുന്നത്.

315 പേരാണ് വയനാട് ജില്ലയില്‍ എച്ച്‌ഐവി-എയ്ഡ്‌സ് ബാധിതരായുള്ളത്. വയനാട് ജില്ല പഞ്ചായത്താണ് 28 ലക്ഷം രൂപ വകയിരുത്തി 13 ഇനങ്ങള്‍ ഉള്‍പ്പെടുന്ന പോഷകാഹാര കിറ്റുകള്‍ ഇവര്‍ക്ക് നല്‍കി വരുന്നത്.


വയനാട് നെറ്റ് വര്‍ക്ക് ഓഫ് പീപ്പിള്‍ എന്ന എച്ച്‌ഐവി ബാധിതരായവരുടെ തന്നെ കൂട്ടായ്മ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഡി.എം.ഒ ഇംപ്‌ളിമെന്റ് ഓഫീസറായ പോഷകഹാര വിതരണ പരിപാടിയില്‍ വിതരണം ചെയ്യാനെത്തിച്ച കിറ്റുകള്‍ ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം, കിറ്റുകള്‍ പരിശോധന നടപടികള്‍ക്കായി അയച്ചു. എന്നാല്‍ ഒരു മാസമായിട്ടും പരിശോധന ഫലം ലഭിച്ചിട്ടില്ല.

എന്നാല്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നും പരിശോധന ഫലം വരാത്തത് കൊണ്ടാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതെന്നുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാരിന്റെ വിശദീകരണം. സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടി കിറ്റ് വിതരണം നിര്‍വഹിക്കാനാവാത്ത സാഹചര്യത്തില്‍ നിരവധി എച്ച്‌ഐവി ദുരിതബാധിതരാണ് കഷ്ടത്തിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com