ആത്മവിശ്വാസത്തിൽ കോൺഗ്രസ്, സന്ദേഹത്തിൽ എൽഡിഎഫ്; തെരഞ്ഞെടുപ്പ് ചൂടിലേക്ക് വയനാട്

എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന
ആത്മവിശ്വാസത്തിൽ കോൺഗ്രസ്, സന്ദേഹത്തിൽ  എൽഡിഎഫ്; തെരഞ്ഞെടുപ്പ് ചൂടിലേക്ക് വയനാട്
Published on

ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങി വയനാട് മണ്ഡലം. ആദ്യ സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ മേൽക്കയിൽ യുഡിഎഫ് ക്യാമ്പ് സജീവമായിരിക്കുകയാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കൾ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾ പുറത്തു വന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന. എന്നാൽ മത്സരിക്കാനായി നല്ലൊരു സ്ഥാനാർഥിയെ തിരയുകയാണ് എൻഡിഎ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന്റെ മേൽക്കൈ അവസാനം വരെയും നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. പ്രിയങ്ക ഗാന്ധി ആയിരിക്കും സ്ഥാനാർഥി എന്ന് മാസങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രവർത്തകർ. മണ്ഡല രൂപീകരണത്തിന് ശേഷം പൂർണമായും യുഡിഎഫിന്റെ കൈപ്പിടിയിലുള്ള മണ്ഡലത്തിൽ 2019ൽ രാഹുൽഗാന്ധി നേടിയ 4,31,770 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണ 3,64,422 ആയി കുറഞ്ഞിരുന്നു . ഇത് 5 ലക്ഷമായി ഉയർത്തുക എന്നതാണ് യുഡിഎഫ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

വയനാട്ടിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ എൽഡിഎഫ് സജ്ജമാണെന്ന ആത്മവിശ്വാസം സിപിഐയും പങ്കുവയ്ക്കുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടെ പേരാണ് എൽഡിഎഫ് നേതൃത്വം ഉയർത്തുന്നത്. സിപിഐ വയനാട് ജില്ലാ നേതൃത്വം പേര് നിർദേശിച്ചു. നാളെ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

2014-ലെ തെരഞ്ഞെടുപ്പിൽ എം.ഐ ഷാനവാസിനെതിരെ സത്യൻ മൊകേരി വയനാട് മണ്ഡലത്തിൽ മികച്ച മത്സരം കാഴ്ച വെച്ചിരുന്നു. 20,000-ത്തോളം വോട്ടുകൾക്ക് മാത്രമായിരുന്നു അന്ന് തോൽവി. പീരുമേട് മുൻ എംഎൽഎ ഇഎസ് ബിജിമോളുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. അതേസമയം, വയനാട്ടിലെ സ്ഥാനാർഥിയെ കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ യാതൊരു സൂചനയും നൽകിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com