വയനാട് ഉരുൾപൊട്ടൽ: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാമെന്ന് അധികൃതര്‍ അറിയിച്ചു
വയനാട് ഉരുൾപൊട്ടൽ: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു
Published on

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തിചേരും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പൊലീസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ തത്സമയം ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യമായ പൊലീസുകാരെയും വിന്യസിച്ചിട്ടിണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com