
കടബാധ്യത എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ പ്രതിസന്ധിയിലായി മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍. 779 ദുരന്ത ബാധിതര്‍ക്കായി 46 ബാങ്കുകളില്‍ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. കോടതി ഇടപെടലില്‍ ആശ്വാസ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 9 മാസത്തോടടുക്കുകയാണ്. ടൗണ്‍ഷിപ്പ് നിര്‍മാണമടക്കം ആരംഭിക്കുമ്പോഴും ദുരന്ത ബാധിതര്‍ക്ക് ഇപ്പോഴും ഭീഷണിയാണ് കടബാധ്യത. 779 ദുരന്ത ബാധിതര്‍ക്ക് കട ബാധ്യതയുണ്ടെന്നാണ് പ്രാഥമിക കണക്ക്. 73 പേര്‍ ഭവന വായ്പയും, 136 പേര്‍ വാഹന വായ്പയും, 214 പേര്‍ സ്വര്‍ണ വായ്പയുമാണെടുത്തത്. 123 സ്വകാര്യ വായ്പകളും 23 കാര്‍ഷിക വായ്പകളും ദുരന്ത ബാധിതര്‍ക്കുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍.
തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്നവരാണ് ഭൂരിഭാഗം പേരും. വാടകയുടെ അധിക തുക പോലും സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് കൊടുക്കേണ്ട അവസ്ഥയാണ്. പലരോടും പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്.
നേരത്തെ കേരള ബാങ്ക് ദുരന്ത ബാധിതരുടെ 3.85 കോടിയോളം രൂപ എഴുതിത്തള്ളിയിരുന്നു. കട ബാധ്യത തുടരുന്നത് സിബില്‍ സ്‌കോറിനെ ബാധിക്കുമെന്നും പിന്നീട് വായ്പയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാകുമോയെന്നും ദുരന്ത ബാധിതര്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതി വിഷയത്തില്‍ കൃത്യമായി ഇടപെടുന്നത് മാത്രമാണ് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം.