
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഇടപെടാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചതായി കെ.വി. തോമസ്. ബാങ്കുകൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാമെന്നാണ് റിസർവ് ബാങ്കിന്‍റെ നിലപാട്. ആർബിഐ ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെ.വി. തോമസിൻ്റെ പ്രതികരണം.
നേരത്തെ, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള പണം എസ്ഡിആർഎഫില്‍ നിന്ന് ഉപയോഗിക്കാമെന്നും കേന്ദ്രം കേരളത്തെ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്ത് നല്‍കുകയായിരുന്നു.
Also Read: വയനാട് ദുരന്തം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കേരളമെന്താ ഇന്ത്യക്ക് പുറത്തുള്ളതാണോ എന്ന് പിണറായി ചോദിച്ചു. സർക്കാർ കൃത്യമായി കണക്കുകൾ കേന്ദ്രത്തിന് നൽകിയിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.