
വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുപ്പിൽ എൽസ്റ്റൺ എസ്റ്റേറ്റ് ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. ഭൂമിയുടെ വില മാത്രം 549 കോടി രൂപയ്ക്ക് അവകാശം ഉണ്ടെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ പറയുന്നു. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന 26 കോടി തീരെ കുറവാണ് എന്നും ഹർജിയിൽ പറയുന്നു.
പ്രദേശത്ത് സർക്കാർ നിശ്ചയിച്ച കുറഞ്ഞ വില പോലും കണക്കാക്കാതെയാണ് ഭൂമിക്ക് വില നിശ്ചയിച്ചത് എന്നും ഹർജിയിലുണ്ട്. ഭൂമി വിലയ്ക്ക് പുറമേ ഓരോ തേയിലച്ചെടിക്കും വില കണക്കാക്കണം. എസ്റ്റേറ്റിലെ മരങ്ങളുടെ വിലയും വെവ്വേറെ കണക്കാക്കണമെന്നും ഹർജിയിലുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിൽ പുല്‍പ്പാറ ഡിവിഷനിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചർച്ചയിൽ ലീവ് സറണ്ടര്‍, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു. 2015 ഫെബ്രുവരി മുതലുള്ള പിഎഫ് കുടിശ്ശിക പലിശ സഹിതം അടച്ചു തീർക്കുമെന്നും തോട്ടം മാനേജ്‌മെന്റ് അറിയിച്ചിരുന്നു.