വയനാട് പുനരധിവാസം: ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 വീടുകൾ നൽകും

മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇത് സംബന്ധിച്ച വിവരം ലുലു ഗ്രൂപ്പ് ചെയർമാൻ അറിയിച്ചത്
വയനാട് പുനരധിവാസം: ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 വീടുകൾ നൽകും
Published on

വയനാട് മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി ലുലു ഗ്രൂപ്പ് വീടുകൾ നൽകും. ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 വീടുകൾ നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇത് സംബന്ധിച്ച വിവരം ലുലു ഗ്രൂപ്പ് ചെയർമാൻ അറിയിച്ചത്.

അതേസമയം, വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. ജൂലായ് 30 ന് ഉണ്ടായ ദുരന്തത്തിൽ മുണ്ടക്കൈ ചൂരൽമല അട്ടമല വാർഡുകളിലായി 300 ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ദുരന്തത്തിന് പിന്നാലെയുള്ള സർക്കാരിന്റെ പ്രധാന പ്രഖ്യാപനമായിരുന്നു പുനരധിവാസത്തിന്റെ ഭാ​ഗമായി നിർമിക്കുന്ന ടൗൺഷിപ്പ്. ദുരന്ത ബാധിതർക്ക് ഒരുമിച്ച് പുനരധിവാസം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റിലായി രണ്ട് ടൗൺഷിപ്പ് എന്നതായിരുന്നു ആദ്യ പ്രഖ്യാപനം.

പിന്നീട് ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലേക്ക് ടൗൺഷിപ്പ് ചുരുങ്ങുകയായിരുന്നു. ഒടുവിൽ ഡിസംബർ 27നാണ് കോടതിയുടെ അനുമതി കിട്ടുന്നത്.പിന്നീട് മൂന്ന് മാസം കൊണ്ടാണ് സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ടൗണ്‍ഷിപ്പില്‍ വീടുകള്‍ക്ക് പുറമെ, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയുമുണ്ടാകും. 1000 ചതുരശ്രയടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com