നിശബ്ദ പ്രചരണവും പൂർത്തിയായി; ജനവിധി തേടി വയനാട് നാളെ പോളിങ് ബൂത്തിലേക്ക്

വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉൾപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 പേരാണ് നാളെ സമ്മതിദാന അവകാശം രേഖപ്പെടുത്തുക
നിശബ്ദ പ്രചരണവും പൂർത്തിയായി; ജനവിധി തേടി വയനാട് നാളെ പോളിങ് ബൂത്തിലേക്ക്
Published on

നിശബ്ദ പ്രചരണവും കഴിഞ്ഞതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയോജക മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉൾപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 പേരാണ് നാളെ സമ്മതിദാന അവകാശം രേഖപ്പെടുത്തുക. 1354 പോളിങ് സ്റ്റേഷനുകളാണ് ഏഴ് നിയോജക മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് നാളെ പോളിങ് ബൂത്തിലെത്തുക.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിൽ സജ്ജമാക്കിയത്. ജില്ലയില്‍ രണ്ട് ബൂത്തുകളെയാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളെ പ്രത്യേക സുരക്ഷാ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ നിന്നുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും പൂർത്തിയായി കഴിഞ്ഞു.

വയനാട് മേപ്പാടിയിൽ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് മണ്ഡലത്തിലെ വിവിധയിടങ്ങിൽ ഒരുക്കിയിരിക്കുന്നത്. എന്‍സിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും. 2009 മുതൽ യുഡിഎഫിന് മേൽക്കൈയുള്ള വയനാട് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞവർഷം രാഹുൽഗാന്ധിക്ക് ഉൾപ്പെടെ വോട്ട് കുറഞ്ഞിരുന്നു. ഇത് തിരിച്ചുപിടിക്കുകയും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിൽ എത്തിക്കുകയുമാണ് യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യം.

സത്യൻ മൊകേരി മത്സരിക്കുന്നു എന്നതാണ് എൽഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. ദേശീയതലത്തിലെ ഇടതിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ മണ്ഡലത്തിലും ഉണ്ടെന്നും വിജയിക്കാനാവുമെന്നുമാണ് എൽഡിഎഫിൻ്റെ കണക്കുകൂട്ടൽ. ജില്ലയിലെ ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിക്കുക എന്നതാണ് നവ്യ ഹരിദാസിലൂടെ എൻഡിഎ ലക്ഷ്യമിടുന്നത്. മുണ്ടക്കൈ പുനരധിവാസവും കേന്ദ്രത്തിൽ നിന്ന് പുനരധിവാസ സഹായം ലഭിക്കാത്തതും രാത്രിയാത്ര നിരോധനവും വനംവന്യജീവി മനുഷ്യ സംഘർഷവുമെല്ലാം സജീവ ചർച്ചയായ തെരഞ്ഞെടുപ്പ് പ്രചരണ കാലമായിരുന്നു ഇത്തവണ.

16 സ്ഥാനാർഥികളാണ് വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിക്കും. പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു തിരുനെല്ലാ എടയൂർ കുനി സ്കൂളിലും ആർജെഡി സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ കൽപ്പറ്റ എസ്കെഎംജെ സ്കൂളിലും ടി. സിദ്ധീഖ് എംഎൽഎ കൽപ്പറ്റ ജിഎൽപിഎസ് സ്കൂളിലെ 94-ാം ബൂത്തിലും വോട്ടു രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി, എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവർ ജില്ലയിൽ ഉണ്ട്. വയനാട് മണ്ഡലത്തിൽ വോട്ടില്ലാത്തവരാണ് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും എന്ന കൗതുകവും കൂടിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com