"പ്രസിഡൻ്റിൻ്റെ കൂടെ കൂടിയവരല്ല, കെ. സുധാകരൻ്റെ കൂടെ കൂടിയവരാണ് ഞങ്ങൾ"; KPCC പ്രസിഡൻ്റിനെ അനുകൂലിച്ച് കണ്ണൂരിലും പോസ്റ്റർ

കണ്ണൂരിൻ്റെ പോരാട്ട ഭൂമിയിൽ തലയുയർത്തി പിടിച്ച് നമ്മെ നയിച്ചവനാണ് എന്നും, കെഎസ് തുടരണമെന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്
"പ്രസിഡൻ്റിൻ്റെ കൂടെ കൂടിയവരല്ല, കെ. സുധാകരൻ്റെ കൂടെ കൂടിയവരാണ് ഞങ്ങൾ"; KPCC പ്രസിഡൻ്റിനെ അനുകൂലിച്ച് കണ്ണൂരിലും പോസ്റ്റർ
Published on

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെ അനുകൂലിച്ച്‌ കണ്ണൂരിലും പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തി. "പ്രസിഡൻ്റിൻ്റെ കൂടെ കൂടിയവരല്ല, കെ. സുധാകരൻ്റെ കൂടെ കൂടിയവരാണ് ഞങ്ങൾ" എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്. കണ്ണൂരിൻ്റെ പോരാട്ട ഭൂമിയിൽ തലയുയർത്തി പിടിച്ച് നമ്മെ നയിച്ചവനാണെന്നും, കെ.എസ്. തുടരണമെന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തും സമാനമായ പോസ്റ്ററുകൾ കണ്ടെത്തിയിട്ടുണ്ട്.

കെ. സുധാകരൻ തുടരണം എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോട്ടയത്തെ പോസ്റ്ററുകൾ സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുമാണ്. കെപിസിസി അധ്യക്ഷ സ്ഥാനം കെ. സുധാകരൻ ഒഴിയുകയാണെങ്കിൽ, വലിയൊരു വിഭാഗം പ്രവർത്തകരിൽ അത് അതൃപ്തി ഉണ്ടാക്കുമന്നും, പ്രവർത്തകരുടെ ആവേശം കെടുത്തുമെന്നുമുള്ള തരത്തിൽ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു.


കോട്ടയത്ത് ഈരാറ്റുപേട്ട, പൂഞ്ഞാർ, തുടങ്ങിയ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ ഉയർന്നത്. പിണറായി സർക്കാരിനെ താഴെയിറക്കാൻ കെൽപ്പുള്ള ഒരേയൊരു നേതാവ് കെ. സുധാകരൻ മാത്രമാണെന്നും, സുധാകരൻ സ്ഥാനത്ത് തുടരണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ ഡിസിസി ഭാരവാഹികൾ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com