
ദേശീയ ഏകതാ ദിനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില ശക്തികൾ രാഷ്ട്രീയത്തിനു വേണ്ടി ദേശീയ ഐക്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അർബൻ നക്സലുകളുടെ ഈ സഖ്യത്തെ തിരിച്ചറിയാനും, അതിനെതിരെ പോരാടാനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏകതാ ദിനത്തിന്റെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ സർദാർ വല്ലഭായ് പട്ടേലിൻ്റെ 149ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ വര്‍ഷവും പട്ടേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ 31 ഏകതാ ദിനമായി ആചരിക്കുന്നത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ദേശീയ ഏകതാ ദിനം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദേശം നല്‍കുന്ന ദിവസമാണ്, ഒരു രാജ്യമെന്ന നിലയിൽ ഒരു സിവിൽ കോഡും അനിവാര്യമാണ്, അത് ജനങ്ങൾക്കിടയിലെ ഭിന്നത ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പല രാജ്യങ്ങളും അന്യോന്യം അകന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി അടുക്കുന്നു. ഒരു പുതുചരിത്രമാണ് കുറിക്കുന്നത്. ഇന്ത്യ പ്രശ്നങ്ങളെല്ലാം വിവേകത്തോടെ പരിഹരിക്കുന്നത് രാജ്യം നോക്കി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ, നമ്മുടെ ഐക്യം സംരക്ഷിക്കപ്പെടണം. ചില വികൃത ശക്തികൾ ഇന്ത്യയുടെ ഉയർച്ചയിൽ ആശങ്കാകുലരാണ്. ഇന്ത്യക്കകത്തും പുറത്തും ഇത്തരക്കാർ അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇത്തരക്കാർ നുണപ്രചരണം നടത്തി, ഇന്ത്യയെ ഭരണഘടനയുടെ പേരിൽ വിഭജിക്കുന്നു. അർബൻ നക്സലുകളുടെ ഈ കൂട്ടുകെട്ടിനെ തിരിച്ചറിയുകയും, അവർക്കെതിരെ പോരാടുകയും വേണമെന്നും നരേന്ദ്ര മോദി പറഞ്ഞു.