
സംഭവബഹുലമായ ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയിൽ നിന്ന് കോൺഗ്രസ് പാർട്ടിയിലേക്കെത്തിയ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യം. അഴീക്കോട് യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ റാലിയിലാണ് സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത്.
പ്രസ്ഥാനത്തെ അപമാനിച്ചാൽ പട്ടാപ്പകൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം എന്ന കൊലവിളി മുദ്രവാക്യമാണ് സന്ദീപ് വാര്യർക്കെതിരെ യുവമോർച്ച പ്രവർത്തകർ ഉയർത്തിയത്. വെറുപ്പിന്‍റെയും അസഹിഷ്ണുതയുടേയും ഉത്തമ രാഷ്ട്രീയ ഉദാഹരണമെന്ന് സന്ദീപെന്നും യുവമോർച്ച പ്രവർത്തകർ കണ്ണൂർ അഴീക്കോട്ടെ ജയകൃഷ്ണൻ അനുസ്മരണത്തിനിടെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റാലിയിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ. പി. അബ്ദുള്ളകുട്ടിയും പങ്കെടുത്തിരുന്നു.
അതേസമയം, ഭീഷണിയിൽ വഴങ്ങില്ലെന്ന് സന്ദീപ് വാര്യർ ന്യൂസ് മലയാളത്തോട് പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിപിരിഞ്ഞത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറി വിട്ട് സ്നേഹത്തിന്റെ കടയിലേക്കാണ് താൻ മെമ്പർഷിപ്പ് എടുക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് സന്ദീപ് വാര്യരുടെ കൂടുമാറ്റം.