
സൊമാറ്റോ സിഇഒയും സഹസ്ഥാപകയുമായ ദീപീന്ദർ ഗോയൽ കഴിഞ്ഞ ദിവസം യൂണിഫോമുമിട്ട്, ഡെലിവറി ബോയ് ആയി ബൈക്കിൽ ഓർഡറുമായി ഇറങ്ങിയതിൻ്റെ ദൃശ്യങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഭാര്യയായ ഗ്രേസിയ മുനോസിനോടൊപ്പമാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ഡെലിവറിക്കിറങ്ങിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗ്രേസിയ മുനോസിനോടൊപ്പം ഡെലിവറിക്ക് പോയിരുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ഗോയൽ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരും ബൈക്കിൽ യൂനിഫോമിട്ട് പോകുന്നതിൻ്റെയും, ലൊക്കേഷൻ കണ്ടെത്തുന്നതിനായി ഫോണിൽ മാപ്പിൽ നോക്കുന്നതിൻ്റെയും, കസ്റ്റമേഴ്സിനോട് ഇടപഴകുന്നതിൻ്റെയും ചിത്രങ്ങൾ ഗോയൽ പുറത്തുവിട്ടു. ഭക്ഷണം ഡെലിവർ ചെയ്യുന്നതും, ബൈക്ക് യാത്രയും ഇഷ്ടപ്പെട്ടു എന്ന് കുറിച്ചുകൊണ്ട് ഒരു റീലും ഗോയൽ പങ്കുവെച്ചു.
വലിയ പ്രതികരണമാണ് ചിത്രത്തിനും റീലിലും ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. 2008ലാണ് ദീപീന്ദർ ഗോയൽ സൊമാറ്റോ ആരംഭിക്കുന്നത്. ഇന്ന് ഫുഡ് ഡെലിവറി ഇൻഡസ്ട്രിയിലെ ഭീമന്മാരിൽ ഒന്നാണ് സൊമാറ്റോ. ഫോർബ്സ് പട്ടികയനുസരിച്ച്, 2024 ഒക്ടോബർ അഞ്ച് വരെ, ഗോയലിൻ്റെ ആസ്തി 1.7 ബില്യൺ ഡോളറാണ്.