പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ അൽ ഖ്വയ്ദ, ഐഎസ് പ്രവർത്തകരുടെ കേന്ദ്രങ്ങളായി മാറുന്നു; റിപ്പോർട്ടുകൾ പുറത്ത്

ബുർക്കിനോ ഫാസോ, നൈജർ, മാലി ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ അൽ ഖ്വയ്ദ, ഐഎസ് പ്രവർത്തകരുടെ കേന്ദ്രങ്ങളായി മാറുന്നു; റിപ്പോർട്ടുകൾ പുറത്ത്
Published on

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ അൽ ഖ്വയ്ദ, ഐഎസ് പ്രവർത്തകരുടെ കേന്ദ്രങ്ങളായി മാറുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ. ബുർക്കിനോ ഫാസോ, നൈജർ, മാലി ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്. ഭീകരവാദ സംഘടനകളുടെ നിയന്ത്രണത്തിലാണ് ഇന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ. അൽ ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും നിയന്ത്രണത്തിൽ സംഘർഷങ്ങളുടെ കളിനിലമാകുകയാണ് ഈ രാജ്യങ്ങൾ. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് റഷ്യൻ അനുകൂല നിലപാടിലേക്ക് മാറിക്കഴിഞ്ഞു. മാലി, ബുർക്കിനോ ഫാസോ, നൈജർ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സൈനിക സർക്കാരുകളും പ്രതിസന്ധി രൂക്ഷമാകുന്നതായും റിപ്പോർട്ടുണ്ട്.


ആഫിക്കൻ രാജ്യങ്ങളിലെ സഹേൽ മേഖലയിൽ ഇന്ന് അൽ ഖ്വയ്ദക്കും ഐഎസിനും വലിയ സ്വാധീനമാണുള്ളത്. അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഭാവിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നതാകും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടാകുന്ന ഈ നീക്കങ്ങളെന്നാണ് വിലയിരുത്തലുകൾ. നൈജറിലെ അഗഡേസിലെ ഡ്രോൺ ബേസ് ഒഴിയാൻ യുഎസിനോട് സൈനിക ഭരണകൂടം ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. വിവരങ്ങൾ ഫ്രഞ്ച് ഉൾപ്പടെയുള്ള സഖ്യകക്ഷികൾക്ക് കൈമാറിയെന്നാരോപിച്ചാണ് സൈനിക സർക്കാരിൻ്റെ ഈ നീക്കം. അതേസമയം യുഎസിനെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ് ഈ ഭീകരവാദ സംഘടനകളെന്നാണ് യുഎസ് ആഫ്രിക്കൻ കമാൻഡ് ജനറൽ മൈക്കിൾ ലാഗ്ങ്ലി പ്രതികരിച്ചത്.


ആഗോള ഭീകരത സൂചികയിൽ ബുർക്കിനോ ഫാസോ ഒന്നാമതാണെന്ന് സിഡ്നിയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് വ്യക്തമാക്കുന്നു. ആഗോള തലത്തിൽ തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട മരണസംഖ്യയിൽ 68 ശതമാനത്തിൻ്റെ വർധനവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിൻ്റെ പകുതിയിലധികം മേഖലകൾ ഭരണകൂട നിയന്ത്രണത്തിന് അതീതമാണെന്ന് ഇതിനകം യുഎൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നൈജറിലും മാലിയിലും ബുർക്കിനോ ഫാസോയിലും ഉണ്ടായ സൈനിക ഭരണകൂടങ്ങൾ ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ട് പോകുകയാണ്. ബുർക്കിനോ ഫാസോക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ നീക്കമാണ് ഓഗസ്റ്റിലുണ്ടായ ആക്രമണത്തിനു കാരണം എന്നാണ് സൈനിക ഭരണകൂടത്തിൻ്റെ വിശദീകരണം. ആക്രമണത്തിൽ 100 കണക്കിന് പേരാണ് ബുർക്കിനോ ഫാസോയിൽ കൊല്ലപ്പെട്ടത്.


അതേസമയം, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തെക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ശക്തമായ കുടിയേറ്റം നടക്കുന്നുണ്ട്. ഇതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ രണ്ടു പക്ഷമുണ്ട്. ജനാധിപത്യ ആശങ്കകളും മനുഷ്യാവകാശങ്ങളും പരിഗണിച്ച് ഈ സൈനിക സർക്കാരുകളുമായി ചർച്ചക്ക് ഒരുങ്ങുമ്പോൾ കുടിയേറ്റം ചൂണ്ടിക്കാട്ടി തെക്കൻ യൂറോപ്യൻ രാജ്യങ്ങൾ എതിർപ്പ് പരസ്യമാക്കുകയാണ്. ആഫ്രിക്കയിലെ സഹേൽ മേഖലയിലെ രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 62 ശതമാനമായി ഉയർന്നെന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ ആറ് മാസത്തെ കണക്കുകൾ പുറത്തുവരുമ്പോഴാണ് ഈ വർധനവ് റിപ്പോർട്ട് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com