
പശ്ചിമ ബംഗാളിൽ ബിജെപി എംപി അർജുൻ സിങ്ങിൻ്റെ വീടിന് നേരെ ബോംബാക്രമണം. മസ്ദൂർ ഭവനിലെ വീടും ഓഫീസും ചേർന്ന കെട്ടിടത്തിനു നേരെയായിരുന്നു ആക്രമണം. കെട്ടിടത്തിനു നേരെ 15 തവണ ബോംബെറിഞ്ഞെന്നും നിരവധി റൗണ്ട് വെടിയുതിർത്തെന്നും അർജുന്‍ സിങ് എക്സിലൂടെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 'ഗുണ്ടകളും ജിഹാദികളുമാണ്' ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപി എംപിയുടെ ആരോപണം. പൊലീസ് 'മൂക സാക്ഷികള്‍' ആയെന്നും അർജുന്‍ സിങ് ആരോപിച്ചു.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ആയിരുന്നു നിരവധി റൗണ്ട് നീണ്ട വെടിവെപ്പും ബോംബേറും. ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന് പരുക്കേറ്റെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബോംബേറിനു പിന്നിൽ എൻഐഎ കേസുകളിലെ പ്രതിയും തൃണമൂല്‍ കൗണ്‍സിലറുടെ മകനുമായ നമിത് സിങ്ങിൻ്റെ ഗുണ്ടകളാണെന്ന് എക്സ് പോസ്റ്റില്‍ അർജുന്‍ സിങ് പറഞ്ഞു.
Also Read: പൂനെയിൽ 21കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; മഹാരാഷ്ട്രയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം
'ഇന്ന് രാവിലെ എല്ലാവരും നവരാത്രി പൂജയ്ക്കുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നപ്പോള്‍, എൻഐഎ കേസുകളില്‍ പ്രതിയും തൃണമൂല്‍ കൗണ്‍സിലറുടെ മകനുമായ നമിത് സിങ്ങിൻ്റെ സംരക്ഷണയിലുള്ള നിരവധി ജിഹാദികളും ഗുണ്ടകളും എന്‍റെ ഓഫീസും വസതിയും ചേർന്ന കെട്ടിടം ആക്രമിച്ചു. ഗുണ്ടകള്‍ പരസ്യമായി വെടിക്കോപ്പുകള്‍ ഉപയോഗിച്ചപ്പോള്‍ പൊലീസ് അതിനു മൂകസാക്ഷിയായി നിന്നു. ഗുണ്ടകള്‍ ഏകദേശം 15 ബോംബുകള്‍ എറിയുകയും ഡസന്‍ കണക്കിന് റൗണ്ട് വെടിയുതിർക്കുകയും ചെയ്തു', അർജുന്‍ സിങ് എക്സില്‍ കുറിച്ചു. പശ്ചിമ ബംഗാള്‍ പൊലീസിനെ പോസ്റ്റ് ടാഗ് ചെയ്ത് 'ലജ്ജാകരം' എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്.
ബംഗാളില്‍ അവസാനിക്കുവാന്‍ പോകുന്നതിനാല്‍ തൃണമൂല്‍ സംസ്ഥാനത്ത് ഭയം പടർത്താന്‍ ശ്രമിക്കുകയാണെന്ന് അർജുന്‍ സിങ് എഎന്‍ഐയോട് പറഞ്ഞു. അർജുന്‍ സിങ് പങ്കുവെച്ച വീഡിയോ തെളിവായെടുത്ത് അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ സുവേന്ദു അധികാരി ആവശ്യപെട്ടു. ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികളെ പിടിക്കാനെങ്കിലും ഡിജിപി ശ്രമിക്കുമെന്ന് വിചാരിക്കുന്നതായും സുവേന്ദു അധികാരി എക്സില്‍ കുറിച്ചു.