
ബംഗ്ലദേശിൽ നിന്നുള്ള നിസഹായരായ ജനങ്ങൾക്ക് അഭയം നൽകുമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയിൽ റിപ്പോർട്ട് തേടി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്, വിദേശത്ത് നിന്നുള്ളവരെ ഉൾക്കൊള്ളുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ അധീനതയിലുള്ളതാണ്. എന്നാൽ ഇത് സംഭവിച്ച പരസ്യപ്രസ്‍താവന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നടത്തുന്നത് ഗുരുതരമായ നിയമലംഘനം ആണെന്നും അദ്ദേഹം പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് ഭരണഘടനാപരമായ ഔചിത്യങ്ങൾ അവഗണിച്ച് ഇത്തരമൊരു പൊതു പ്രഖ്യാപനം നടത്തിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. രാജ്യത്തിലേക്കുള്ള കുടിയേറ്റം ബംഗാളിനുള്ളിലെ അതിർത്തി പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ നിലനിർത്താനും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വിശദമാക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ഈ വിഷയത്തിൽ സമഗ്രമായ ഒരു റിപ്പോർട്ട് മുഖ്യമന്ത്രി നൽകണമെന്നും അദ്ദേഹം പറഞ്ഞു.