പശ്ചിമഘട്ടത്തിൽ പരിസ്ഥിതി ദുർബല മേഖല പ്രഖ്യാപിക്കും; കടുത്ത നീക്കവുമായി കേന്ദ്ര സർക്കാർ

നിലവിൽ താമസിക്കുന്ന ആരേയും കുടിയിറക്കില്ലെന്നും നിലവിലുള്ള കൃഷിയും തോട്ടങ്ങളും അതുപോലെ തുടരാൻ അനുവദിക്കും എന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം
പശ്ചിമഘട്ടത്തിൽ പരിസ്ഥിതി ദുർബല മേഖല പ്രഖ്യാപിക്കും; കടുത്ത നീക്കവുമായി കേന്ദ്ര സർക്കാർ
Published on

വയനാട് ദുരന്തത്തിന് പിന്നാലെ പശ്ചിമഘട്ടത്തിൽ പരിസ്ഥിതി ദുർബല മേഖല പ്രഖ്യാപിക്കാനുള്ള കടുത്ത നീക്കവുമായി കേന്ദ്ര സർക്കാർ. കേരളത്തിലെ പതിനായിരത്തോളം ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ അരലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ ആണ് പരിസ്ഥിതി ദുർബല മേഖലയാകുന്നത്. വയനാട് ജില്ലയിലെ 13 വില്ലേജുകളും ഈ പരിധിയിൽ വരും.

കേന്ദ്ര സർക്കാർ പുറത്തുവിട്ട കരട് നിർദേശം അനുസരിച്ച് പശ്ചിമഘട്ടത്തിലെ 56,825 ചതുരശ്ര കിലോമീറ്ററും. കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്ററും  പരിസ്ഥിതി ദുർബല മേഖലയാകും. ഇപ്പോൾ ദുരന്തമുണ്ടായ വയനാട്ടിൽ 13 വില്ലേജുകൾ പൂർണമായും പരിസ്ഥിതി ദുർബല മേഖലയാകുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, ചൂണ്ടൽ, അച്ചൂരാനം, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ വില്ലേജുകൾ  ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ജൂലൈ 30ന് പുലർച്ചെ ഉരുൾപൊട്ടിയ വൈത്തിരി താലൂക്കിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവ ഈ വിജ്ഞാപനം അനുസരിച്ച് പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുന്നില്ല. വിജ്ഞാപനം നടപ്പായാൽ ഖനനം, താപവൈദ്യുതി നിലയങ്ങൾ, റെഡ് കാറ്റഗറി വ്യവസായങ്ങൾ എന്നിവ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് മൂന്ന് അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ വിജ്ഞാപന പ്രകാരം 60 ദിവസം വരെ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അയക്കാൻ അനുമതി നൽകിയിയുണ്ട്. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് പശ്ചിമഘട്ടത്തിലെ ഈ ദുർബല മേഖല വരുന്നത്. നിലവിൽ താമസിക്കുന്ന ആരേയും കുടിയിറക്കില്ലെന്നും, നിലവിലുള്ള കൃഷിയും തോട്ടങ്ങളും അതുപോലെ തുടരാൻ അനുവദിക്കും എന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com