
കേന്ദ്ര സർക്കാർ നൽകിയ മണ്ണിടിച്ചിൽ, പ്രളയ മുന്നറിയിപ്പ് കേരളം തള്ളിക്കളഞ്ഞെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തള്ളി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തമുണ്ടായ സ്ഥലത്ത് മുമ്പ് ഒരു തവണ പോലും റെഡ് അലർട്ടോ, പ്രളയ മുന്നറിയിപ്പോ കേന്ദ്ര ഏജൻസികൾ നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
"അപകടസ്ഥലത്ത് അപകടമുണ്ടായ ശേഷം രാവിലെയാണ് റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകിയത്. ജൂലൈ 23 മുതൽ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ അറിയിപ്പിൽ ഒരു തവണ പോലും ഓറഞ്ച് അലേർട്ട് നൽകിയിരുന്നില്ല. 30, 31 തീയതികളിൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്. പച്ച അലേർട്ട് എന്നാൽ ചെറിയ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടമുണ്ടായ ജൂലൈ 30നാണ് പ്രദേശത്ത് റെഡ് അലേർട്ടും, പുഴയിൽ പ്രളയസാധ്യതാ മുന്നറിയിപ്പും നൽകിയത്. ജൂലൈ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കേന്ദ്ര ജലകമ്മീഷൻ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല," മുഖ്യമന്ത്രി പറഞ്ഞു.
"പാർലമെൻ്റിലെ കേന്ദ്രമന്ത്രിയുടെ പരാമർശം, പഴിചാരലായല്ല ഞാൻ കാണുന്നത്. ഇത് പരസ്പരം പഴിചാരേണ്ട സമയവുമല്ല. വസ്തുതകൾ എല്ലാവർക്കും പരിശോധിക്കാവുന്നതാണ്. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനാണ് പ്രധാന്യം നൽകേണ്ടത്. മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. മണ്ണിടിച്ചിൽ മുന്നിൽക്കണ്ട് ഒൻപത് യൂണിറ്റ് എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചെന്ന കേന്ദ്രത്തിൻ്റെ വാദവും തെറ്റാണ്. മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളം മുൻകൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഒൻപത് യൂണിറ്റ് എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചത്," മുഖ്യമന്ത്രി വ്യക്തമാക്കി.
"ചൂരൽമലയിൽ മണ്ണിടിച്ചിൽ ഉണ്ടായ ദിവസം പ്രദേശത്ത് ഓറഞ്ച് അലേർട്ടായിരുന്നു. റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല. ചൂരൽമല മേഖലയിൽ ആദ്യത്തെ 24 മണിക്കൂർ 200 മില്ലീമീറ്റർ മഴയാണ് പെയ്തത്. അടുത്ത 24 മണിക്കൂറിൽ 332 മില്ലീമീറ്റർ മഴ പെയ്തു. ആകെ 49 മണിക്കൂറിനിടെ പ്രദേശത്ത് 572 മില്ലീമീറ്റർ മഴയാണ് അവിടെ പെയ്തത്. ഇത് അസാധാരണ സാഹചര്യമായിരുന്നു ഉണ്ടാക്കിയത്," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.