
യുപിയിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാല് വർഷം പിന്നിടുമ്പോഴും ഇരയ്ക്ക് നീതി ലഭിച്ചിട്ടില്ല, കുടുംബാംഗങ്ങൾ പങ്കുവെച്ച കാര്യങ്ങൾ ഞെട്ടലുണ്ടാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിൻ്റെ സന്ദർശനത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി.
യുപിയിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം, ഗ്രാമം വിട്ടുപോകാൻ യോഗി സർക്കാർ സമ്മർദം ചെലുത്തുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ക്രൂരകൃത്യം നടന്ന് നാല് വർഷം പിന്നിടുമ്പോൾ യുപി സർക്കാർ ഇരയുടെ കുടുംബത്തോട് കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് രാഹുൽ ആരോപിച്ചു. സഹോദരിയും എംപിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഹത്രസിൽ എത്തിയത്. തുടർന്ന് 35 മിനിട്ട് നേരം കുടുംബാംഗങ്ങളോട് സംസാരിച്ചു. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും മടങ്ങി. പിന്നീട് സാമൂഹ്യമാധ്യമമായ എക്സിലാണ് സന്ദർശനത്തെ കുറിച്ച് രാഹുൽ പരാമർശിച്ചത്.
ഒരിക്കൽ കൂടി ഹത്രസ് സന്ദർശിച്ചപ്പോൾ കേട്ട കാര്യങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്. ഇരയുടെ കുടുംബം മുഴുവൻ ഇപ്പോഴും ഭീതിയുടെ നിഴലിൽ കഴിയുകയാണ്. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. തോക്കുകളുടെയും ക്യാമറകളുടെയും നിരീക്ഷണത്തിലാണ് എപ്പോഴും. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയാണിതെന്നും എക്സ് പോസ്റ്റിൽ രാഹുൽ വിവരിച്ചു.
അതേസമയം, രാഹുലിൻ്റെ ഹത്രസ് സന്ദർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. യുപിയെ അരാജകത്വത്തിൻ്റെയും കലാപത്തിൻ്റെയും തീയിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് കുറ്റപ്പെടുത്തി. ഇത് രാഹുലിൻ്റെ പിആർ ആണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആരോപിച്ചു.
2020 സെപ്റ്റംബർ 14നാണ് ഹത്രസിലെ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ സെപ്റ്റംബർ 29ന് മരിച്ചു. പിന്നാലെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലീസ് ഏറ്റെടുത്ത് സംസ്കരിച്ചതും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. കേസന്വേഷണം സിബിഐ ഏറ്റെടുത്ത് നാലുപേർക്കെതിരെ കുറ്റം ചുമത്തിയെങ്കിലും, മൂന്ന് പേരെ കോടതി വെറുതെ വിടുകയും ഒരാളെ മാത്രം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത ിരുന്നു.