നഷ്ടമായത് കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും പ്രകാശനാളം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട: മാതാ അമൃതാനന്ദമയി

ക്രിസ്തുവിൻ്റെ പ്രേമവും പ്രകാശവും സമചിത്തതയും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അങ്ങനെ മറ്റുള്ളവർക്കു മാതൃകയാകാനും അദ്ദേഹം ജീവിതാവസാനം വരെ ശ്രമിച്ചിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അമൃതാനന്ദമയി പറഞ്ഞു.
നഷ്ടമായത് കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും പ്രകാശനാളം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട: മാതാ അമൃതാനന്ദമയി
Published on


ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ഒരു പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിനു നഷ്ടമായിരിക്കുന്നത് എന്ന് മാതാ അമൃതാനന്ദമയി. ക്രിസ്തുവിൻ്റെ പ്രേമവും പ്രകാശവും സമചിത്തതയും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അങ്ങനെ മറ്റുള്ളവർക്കു മാതൃകയാകാനും അദ്ദേഹം ജീവിതാവസാനം വരെ ശ്രമിച്ചിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അമൃതാനന്ദമയി കുറിച്ചു.



"2014 ഡിസംബറിൽ മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ, വേശ്യാവൃത്തി തുടങ്ങിയ ആധുനിക അടിമത്തം തടയുന്നതിനായി വിവിധ മത-ആധ്യാത്മിക ആചാര്യന്മാരുടെ സംയുക്ത പ്രഖ്യാപനം ഒപ്പുവെയ്ക്കുന്ന ചടങ്ങ് വത്തിക്കാനിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ പങ്കുചേരാൻ പരിശുദ്ധ മാർപാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം അവിടെ പോയിരുന്നു. അദ്ദേഹത്തിൻ്റെ തുറന്ന സമീപനവും ഹൃദ്യമായ സംഭാഷണവും എളിമത്തവും ഈ അവസരത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിക്കുകയാണ്. ജാതിമത ചിന്തകൾക്കപ്പുറം മാനവസമൂഹത്തെ ഒന്നിപ്പിച്ച് ഒരു കുടുംബമായി കാണാൻ ആഗ്രഹിക്കുന്ന ഒരു ഉത്കൃഷ്ട നേതാവിനെയാണ് അന്നവിടെ എല്ലാവർക്കും കാണാൻ സാധിച്ചത്," അമൃതാനന്ദമയി സ്മരിച്ചു.



"കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം വഹിക്കുമ്പോഴും എതിർപ്പുകളെ അതിജീവിച്ചു മനുഷ്യൻ കെട്ടിപ്പൊക്കിയ അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ ലോകത്തിന് വേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ അചഞ്ചലമായ ബോദ്ധ്യങ്ങളും നിശ്ചയദാർഢ്യവും വിശ്വാസവും ഭാവിതലമുറയ്ക്കും വഴികാട്ടിയാകുക തന്നെ ചെയ്യും. പരിശുദ്ധ മാർപാപ്പയുടെ വേർപാടിൽ ലോമെമ്പാടുമുള്ള വിശ്വാസികൾ അഗാധമായി ദുഃഖിക്കുന്ന നിമിഷങ്ങളാണിത്. അതിൽ പങ്കുചേരുന്നതോടൊപ്പം, അദ്ദേഹത്തിൻ്റെ ധന്യമായ ജീവിതത്തെ ആദരപൂർവ്വം സ്മരിക്കുകയും അദ്ദേഹം കാട്ടിത്തന്ന ഐക്യത്തിന്റെയും വിശാലമനസ്കതയുടെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യാം. അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു," മാതാ അമൃതാനന്ദമയി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

ലോക സമാധാനത്തിന് വേണ്ടി നിലകൊണ്ട മഹാത്മാവാണ് ഫ്രാൻസിസ് മാർപാപ്പയെന്നും മഹാപുരുഷന്റെ ദേഹ വിയോഗമാണ് സംഭവിച്ചിരിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ ഗിരി പറഞ്ഞു. "മാർപാപ്പമാരിൽ ഇത്രയധികം ജനകീയനും മതസൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച മറ്റൊരാൾ ഇല്ല. സർവമത സമ്മേളനം വത്തിക്കാനിൽ വെച്ച് നടത്താൻ മാർഗ്ഗനിർദ്ദേശം നൽകിയ വ്യക്തിയായിരുന്നു. അടുത്ത വർഷം ശിവഗിരിയിൽ എത്താമെന്ന് വാക്കു നൽകിയിരുന്നു. അത് നിറവേറ്റപ്പെടാത്തതിലുള്ള ദുഃഖം വളരെ വലുതാണ്," സ്വാമി സച്ചിദാനന്ദ ഗിരി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com