
ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പുറമെ നമ്മേളറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. എന്നാൽ എക്സിന് പകരക്കാരനായി വന്ന ബ്ലൂസ്‌കൈ എന്ന ആപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പ്രതിദിനം മില്ല്യൺ ആളുകളാണ് ബ്ലൂസ്കൈ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. എന്താണ് ബ്ലൂസ്കൈയുടെ പ്രത്യേകത? 2019ൽ ആരംഭിച്ച ബ്ലൂസ്‌കൈ എന്തുകൊണ്ടാവാം പെട്ടന്ന് ഇത്രയധികം ജനപ്രീതി നേടിയത്?
പഴയ ഫീച്ചേഴ്സുമായെത്തിയ 'പുത്തൻ' ആപ്പ്
സോഷ്യൽ മീഡിയ എങ്ങനെ ആയിരിക്കണമോ അതാണ് ഈ ആപ്പ് എന്നാണ് ബ്ലൂസ്‌കൈ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ ബ്ലൂസ്‌കൈക്ക് മറ്റുള്ള സോഷ്യൽ മീഡിയ സൈറ്റുകളുമായി വളരെയധികം സാമ്യതകളുണ്ടെന്നതാണ് വസ്തുത.
എക്സിന് സമാനമായി പേജിൻ്റെ ഇടതുവശത്തുള്ള ഒരു ബാറിൽ ഹോംപേജ്, സേർച്ച് ഓപ്ഷൻ, നോട്ടഫിക്കേഷൻസ്, ചാറ്റ് എന്നിവ കാണാം. ബ്ലൂസ്കൈ ഉപഭോക്താക്കൾക്ക് ഫോട്ടോകളും നോട്ടുകളും അഭിപ്രായങ്ങളും പോസ്റ്റുചെയ്യാനും റീപോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും കഴിയും. ലളിതമായി പറയുകയാണെങ്കിൽ എക്സിന് വളരെ സമാനമായ ഒരു മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്കൈ.
ഒരു ഡീസെൻട്രലൈസ്‌ഡ് ആപ്പാണെന്നതാണ് ബ്ലൂസ്കൈയെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷത. അതായത്, കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത സെർവറുകളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഹോസ്റ്റ് ചെയ്യാൻ സാധിക്കും. അതിനാൽ ബ്ലൂസ്കൈയുടെ പേരിലുള്ള അക്കൗണ്ട് മാത്രമല്ല, മറിച്ച് ഉപഭോക്താക്കൾക്ക് സ്വന്തമായുള്ള അക്കൗണ്ട് ഉപയോഗിച്ചും സൈൻ അപ്പ് ചെയ്യാൻ സാധിക്കും.
ട്വിറ്ററിൻ്റെ തലവനായിരുന്ന ജാക്ക് ഡോർസിയാണ് ബ്ലൂസ്കൈയുടെയും സ്ഥാപകൻ. ഈ ആപ്പിന് എക്സുമായി ഇത്രയിധികം സാമ്യതയുണ്ടാവാനും കാരണം ഇതായിരിക്കണം. ട്വിറ്ററിൻ്റെ ഡീസെൻട്രലൈസ്‌ഡ് രൂപമാണ് ബ്ലൂസ്കൈയെന്ന് ജാക്ക് ഡോർസി തന്നെ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ജാക്ക് ഡോർസി കമ്പനിയുടെ ഭാഗമല്ല. യുഎസ് പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷനിൽ ചീഫ് എക്‌സിക്യൂട്ടീവായ ജെയ് ഗ്രാബറിൻ്റെ ഉടമസ്ഥതയിലാണ് ആപ്പ് നിലവിൽ പ്രവർത്തിക്കുന്നത്.
പെട്ടന്നുണ്ടായ ജനപ്രീതിക്ക് കാരണം?
2019ൽ മുതൽ പ്രാബല്യത്തിലുള്ള ബ്ലൂസ്‌കൈ പ്ലേസ്റ്റോറിലുൾപ്പെടെ ലഭ്യമായത് ഈ വർഷം ഫെബ്രുവരിയിലാണ്. അതുവരെ ഇൻവിറ്റേഷൻ വഴി മാത്രമായിരുന്നു ആളുകൾക്ക് ആപ്പ് ഉപയോഗിക്കാൻ കഴിയുക. എന്നാൽ നവംബർ മുതലാണ് പ്ലാറ്റ്‌ഫോമിലേക്ക് പുതിയ ഉപയോക്താക്കളുടെ കുത്തൊഴുക്കുണ്ടായത്. അതെ, അമേരിക്കൻ തെരഞ്ഞെടുപ്പും ഡൊണാൾഡ് ട്രംപിൻ്റെ വിജയവും തന്നെയാണ് ബ്ലൂസ്കൈക്ക് ഇത്രയധികം ഉപയോക്താക്കളെ നേടിക്കൊടുത്തത്.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഉറ്റസുഹൃത്തും വലംകൈയ്യുമായ ഇലോൺ മസ്‌ക് ബ്ലൂസ്കൈക്ക് ഉപയോക്താക്കളെ നേടിക്കൊടുക്കാൻ സഹായിച്ചിട്ടുണ്ട്. വലതുപക്ഷക്കാരനും യാഥാസ്ഥിതികനുമായ ട്രംപിനെ അകമഴിഞ്ഞ് അനുകൂലിച്ച ആ ശതകോടീശ്വരനോടും, അയാളുടെ ആശയങ്ങളോടും പൊരുത്തപ്പെടാൻ കഴിയാത്ത പലരും മസ്കിൻ്റെ ഉടമസ്ഥതയിലുള്ള എക്സ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
എക്സ് ഒരു ടോക്സിക് പ്ലാറ്റ്‌ഫോമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ചിലരുടെ ബഹിഷ്കരണം. ബ്രിട്ടീഷ് മാധ്യമമായ 'ദി ഗാർഡിയൻ' ഇനി എക്സിൽ പോസ്റ്റ് ചെയ്യില്ലെന്ന ആഹ്വാനം ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ അതിൻ്റെ ഉടമയായ ഇലോൺ മസ്‌ക് രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുത്താൻ എക്സ് ഉപയോഗിച്ചെന്ന തരത്തിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗാർഡിയൻ്റെ ബഹിഷ്കരണം. തീവ്ര വലതുപക്ഷ സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ, പ്ലാറ്റ്‌ഫോമിൽ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്ത് കുറച്ചുകാലമായി പരിഗണിക്കുന്ന കാര്യമാണിതെന്നും ഗാർഡിയൻ വ്യക്തമാക്കിയിരുന്നു.
എക്സ് വിട്ട ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പ്ലാറ്റ്‌ഫോമായിരുന്നു ബ്ലൂസ്കൈ. പോപ്പ് ഗായിക ലിസോ മുതൽ ടാസ്‌ക്‌മാസ്റ്ററിൻ്റെ ഗ്രെഗ് ഡേവീസ് വരെയുള്ള നിരവധി സെലിബ്രിറ്റികൾ, തങ്ങൾ പ്ലാറ്റ്‌ഫോമിൽ ചേരുന്നതായി പ്രഖ്യാപിച്ചു.
ഈ വളർച്ച ഒരു മികച്ച മുന്നേറ്റമാണെങ്കിൽ പോലും മൈക്രോബ്ലോഗിങിൽ എക്സിന് യഥാർത്ഥ വെല്ലുവിളി ഉയർത്തണമെങ്കിൽ ബ്ലൂസ്കൈക്ക് വളരെക്കാലം ഇതേ വളർച്ച നിലനിർത്തേണ്ടി വരും. എക്‌സ് അതിൻ്റെ മൊത്തം ഉപയോക്താക്കളുടെ കണക്കുകൾ പുറത്തുവിടുന്നില്ലെങ്കിൽ പോലും, ഏകദേശം 100 മില്ല്യണിലധികം ആളുകൾ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. എക്സിൽ പ്രതിദിനം 250 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഇലോൺ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.