
കൈ കാലുകളിൽ വിലങ്ങണിഞ്ഞ് യുദ്ധ കുറ്റവാളികളെന്ന പോലെ ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ച വാർത്ത വലിയ ചർച്ചയായിരുന്നു. ഇവർ അനധികൃതമായി എങ്ങനെ യുഎസിലേക്കെത്തിയെന്ന ചോദ്യവും ചർച്ചകൾക്ക് പിന്നാലെ ഉയർന്നു. ലോകത്തിൻ്റെ മറുവശത്തേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സുരക്ഷിതമായി മറുപുറത്ത് എത്തണമെന്നത് മാത്രമായിരുന്നു ഇവരുടെ ചിന്ത. പലരും തങ്ങളുടെ സ്വത്തുക്കൾ വിറ്റ് ഏജൻ്റുമാർക്കു പണം നൽകി. ഇപ്പോഴിതാ തുടങ്ങിയിടത്ത് തന്നെ വെറും കയ്യോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇവർ.
ഏജൻ്റുമാർ കുടിയേറ്റക്കാരെ എങ്ങനെ യുഎസിലെത്തിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഒരു തരത്തിലും പിടിക്കപ്പെടില്ലെന്ന് വാഗ്ദാനം നൽകി വലിയ തുക ഈടാക്കിയാണ് ഏജൻ്റുമാർ ഇവരെ യുഎസിലെത്തിച്ചത്. ഏജൻ്റുമാർ തങ്ങളെ പാതിവഴിയിലുപേക്ഷിച്ച് കടന്നതായും പലരും ആരോപിക്കുന്നു. ഒന്നിലധികം രാജ്യങ്ങളിലൂടെയുള്ള അത്യന്തം അപകടകരമായ കുറുക്കുവഴികളിലൂടെയാണ് കുടിയേറ്റക്കാർ യാത്ര ചെയ്യുക. ഇത്തരത്തിൽ യുഎസിലെത്താൻ കുടിയേറ്റക്കാരായ ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന വഴിയാണ് ഡാരിയൻ ഗ്യാപ്പ്.
എന്താണ് ഡാരിയൻ ഗ്യാപ്പ്
നിബിഡ വനത്തിന് കുറുകെ 97 കിലോമീറ്റർ നീളത്തിലുള്ള ഒരു കുടിയേറ്റ മാർഗമാണ് ഡാരിയൻ ഗ്യാപ്പ്. കുത്തനെയുള്ള മലനിരകൾ, ചെളി നിറഞ്ഞ ചതുപ്പുനിലങ്ങൾ, അതിവേഗം ഒഴുകുന്ന നദികൾ, വന്യജീവികൾ, വിഷപാമ്പുകൾ, ഇതിനുപുറമെ കുടിയേറ്റക്കാരുടെ സമ്പാദ്യത്തെ കാത്തിരിക്കുന്ന കൊള്ളക്കാർ. ഏറ്റവും അപകടകരമായ കുടിയേറ്റ മാർഗങ്ങളിൽ ഒന്നെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഡോക്ടേഴ്സ് ഓഫ് ദി വേൾഡ് ഡാരിയൻ ഗ്യാപ്പിനെ വിശേഷിപ്പിക്കുന്നത്.
ഇടതൂർന്ന മഴക്കാടുകൾ, ചതുപ്പുകൾ, മലകൾ എന്നിവയെല്ലാം കടന്നുവേണം ഡാരിയൻ ഗ്യാപ്പിൻ്റെ മറുപുറത്തെത്താൻ. ദുർഘടമായ ഭൂപ്രകൃതിയും, കാലാവസ്ഥയും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രദേശത്തെ യാത്രയോഗ്യമല്ലാതെയാക്കി. എന്നാൽ യുഎസിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഗേറ്റ് വേയാണ് ഡാരിയൻ ഗ്യാപ്പ്.
വന്യജീവികൾക്കും പ്രതികൂല കാലാവസ്ഥയ്ക്കും പുറമെ, കുടിയേറ്റക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് കൊള്ളക്കാർ. ക്രിമിനൽ സംഘടനകളുടെ കൈകളിലാണ് ഈ പാതയുടെ നിയന്ത്രണമെന്നും റിപ്പോർട്ടുകളുണ്ട്. കള്ളക്കടത്ത്, മയക്കുമരുന്ന്, സായുധ സംഘങ്ങൾ ഡാരിയൻ ഗ്യാപ്പ് വഴി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരിൽ നിന്ന് പണം ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നവരെ കൊള്ളയടിക്കും. ആക്രമിക്കും.
ഡാരിയൻ ഗ്യാപ്പിലെ 'കഴുതപ്പാത' അഥവാ ഡോങ്കി റൂട്ട്
നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഡാരിയൻ ഗ്യാപ്പിലെ 'കഴുതപ്പാത' വഴിയാണ് സഞ്ചരിക്കുക. എളുപ്പത്തിൽ വിസ ലഭിക്കുന്ന പനാമ, കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഈ വഴിയാണ് തിരഞ്ഞെടുക്കുക. മനുഷ്യ കള്ളക്കടത്തുകാർക്ക് ആയിരത്തിലധികം ഡോളർ നൽകി വേണം പലപ്പോഴും കഴുതപ്പാത കടക്കാൻ.
കർശനമായ വിസ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന യുഎസിലേക്ക്, നേരിട്ടുള്ള വിമാന മാർഗം ബുദ്ധിമുട്ടായതിനാൽ കഴുതപ്പാത വഴി കുടിയേറുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞുകൊണ്ടുതന്നെ ഏജൻ്റുമാർ കുടിയേറ്റക്കാരിൽ നിന്നും ലക്ഷകണക്കിന് പണം തട്ടിയെടുക്കുന്നു. സുരക്ഷിതരായി മറുകരയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നെങ്കിൽ പോലും, പണം ലഭിച്ചു കഴിഞ്ഞാൽ ഏജൻ്റുമാർ പലരെയും പാതി വഴിയിലുപേക്ഷിക്കാറുമുണ്ട്.
ഡാരിയൻ വിടവ് കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം
സമീപ വർഷങ്ങളിൽ, ഡാരിയൻ ഗ്യാപ്പ് വഴി സഞ്ചരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023ൽ 5.2 ലക്ഷത്തിലധികം കുടിയേറ്റക്കാരാണ് ഡാരിയൻ ഗ്യാപ്പ് വഴി സഞ്ചരിച്ചത്. 2024ൽ എണ്ണം 3 ലക്ഷത്തിലധികമായി. എന്നാൽ കർശന നിയന്ത്രണങ്ങൾക്ക് പിന്നാലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഡാരിയൻ ഗ്യാപ്പിൽ 312 മരണങ്ങളും തിരോധാനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിൻ്റെ കണക്കനുസരിച്ച് 2023 ൽ മാത്രം 676 ലൈംഗികാതിക്രമങ്ങളാണ് ഡാരിയൻ ഗ്യാപ്പിൽ നടന്നത്. 2024ന്റെ തുടക്കത്തിൽ 233 കേസുകൾ രേഖപ്പെടുത്തി.
വെനിസ്വേല, ഹെയ്തി, ഇക്വഡോർ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ഈ വഴി കുടിയേറ്റത്തിനായി ഉപയോഗിക്കുന്നത്. യാത്രയ്ക്ക് 7 മുതൽ 15 ദിവസം വരെ എടുക്കാം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, രോഗം, കൊള്ളസംഘങ്ങളുടെ ആക്രമണം എന്നിവ മൂലം പലരും ഈ പാത കടന്ന് മറുപുറത്തെത്താറുമില്ല. 2023 ലെ ആദ്യ 10 മാസങ്ങളിൽ മാത്രം കുടിയേറ്റക്കാരിൽ നിന്ന് ഏജൻ്റുമാർ 57 മില്യൺ ഡോളർ സമ്പാദിച്ചതായി റിപ്പോർട്ടുണ്ട്.