
An insignificant man. അരവിന്ദ് കെജ്‌രിവാളിന്റെ 2013ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ വികസിക്കുന്ന ഡോക്യുമെന്ററിയുടെ പേര് അങ്ങനെയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് ആം ആദ്മിയെന്ന അഴിമതി വിരുദ്ധ പാര്‍ട്ടിയുമായി കെജ്‌രിവാള്‍ രംഗപ്രവേശം ചെയ്തത്. സാധാരണ ജനങ്ങളുടെ മനസിനൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയവും ജയിച്ചുകയറി ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി. വെറും മുഖ്യമന്ത്രിയെന്ന് പറഞ്ഞാല്‍ പോരാ, മുഖ്യമന്ത്രിമാര്‍ക്കൊരു ടെംപ്ലേറ്റ്. ജനോപകാരപ്രദമായ നയങ്ങളിലൂടെ ഡല്‍ഹിക്കപ്പുറത്തേക്ക് പാര്‍ട്ടി വളര്‍ന്നു. പഞ്ചാബില്‍ ഭരണം പിടിച്ചു. ഗുജറാത്തില്‍ രാഷ്ട്രീയ ശക്തിയായി മാറി.
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രൂക്ഷവിമര്‍ശകനായിരുന്ന കെജ്‌രിവാള്‍ പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപീകരിച്ചപ്പോള്‍ പ്രധാന നേതാവായി. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നായി മാറി. കെജ്‌രിവാളിന്റെ വിമര്‍ശനങ്ങളുടെയും രാഷ്ട്രീയ പ്രതികരണങ്ങളുടെയും പ്രഹരശേഷി കൂടിവരുന്നതിനിടെയാണ് ഡല്‍ഹി മദ്യനയത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നുവരുന്നത്. പൊതുതെരഞ്ഞെടുപ്പ് കാലത്തിനിടെ, കെജ്‌രിവാളിനെ ജയിലിലടയ്ക്കാനായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. ഇഡിയും സിബിഐയും ആയിരക്കണക്കിന് പേജുകളില്‍ കുറ്റപത്രമെഴുതി. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി കേസും ജാമ്യഹര്‍ജിയും തടസഹര്‍ജിയുമൊക്കെ തുടരുകയാണ്.
എന്തായിരുന്നു മദ്യ നയം?
2021 നവംബർ 17നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മദ്യ വില്‍പന ആധുനികവത്കരിക്കുക, മദ്യ മാഫിയകളെ നിയന്ത്രിക്കുക, കരിഞ്ചന്ത അവസാനിപ്പിക്കുക. ഇതൊക്കെയായിരുന്നു പുതിയ മദ്യനയത്തിന്റെ ലക്ഷ്യം.
നഗരത്തിലെ 849 മദ്യവില്‍പന കേന്ദ്രങ്ങളെ 32 സോണുകളായി തിരിച്ച്, സ്വകാര്യ ലേലക്കാര്‍ക്ക് റീട്ടെയ്ല്‍ ലൈസന്‍സ് ലഭ്യമാക്കി. ഓരോ സോണിനെയും എട്ട് മുതല്‍ പത്ത് വരെ വാര്‍ഡുകളാക്കി തിരിച്ചു. അതില്‍ 27 വെന്‍ഡുകളും അനുവദിച്ചു. മദ്യ വില്‍പനശാലകള്‍ പുലര്‍ച്ചെ മൂന്നു മണി വരെ തുറക്കാനും, ഹോം ഡെലിവറിക്കും അവസരമൊരുക്കി. പ്രധാന മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, ബിസിനസ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വില്‍പനാകേന്ദ്രങ്ങള്‍ തുറക്കാനും അനുവാദം നല്‍കി. റീട്ടെയ്ല്‍ ലൈസന്‍സ് എടുത്തവര്‍ക്കായി നിയമ ഇളവുകളും നടപ്പാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വിലയ്ക്കു പകരം വില നിശ്ചയിക്കാനും, വില്‍പന വര്‍ധിപ്പിക്കാന്‍ കിഴിവുകള്‍ നല്‍കാനും നിയമപ്രകാരം അനുവാദം നല്‍കി.
കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണത്തില്‍ സംസ്ഥാന ഖജനാവിന്റെ പരിതസ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ട് തന്നെ മദ്യവില്‍പനയിലൂടെ പരമാവധി നേട്ടം പൊതുഖജനാവിന് ലഭ്യമാക്കുകയായിരുന്നു ഈ നയത്തിന്റെ കാതല്‍. അത് വെറുതെയായില്ല. 2021-22 വര്‍ഷം സര്‍ക്കാര്‍ വരുമാനത്തില്‍ 27 ശതമാനത്തിന്റെ, അതായത് 8,900 കോടിയുടെ വര്‍ധനയുണ്ടായി. ഖജനാവില്‍ പണം വന്നപ്പോള്‍ പതിവ് പോലെ കയ്യടികള്‍ ഉയര്‍ന്നു. പുരോഗമനപരമായ സമീപനമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായി. ഇതിനൊപ്പം തന്നെ വിമര്‍ശനങ്ങളും വന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനം സാമ്പത്തിക, പൊതു ആരോഗ്യ ആശങ്കകളായിരുന്നു.
മദ്യ കച്ചവടക്കാര്‍ നിയമത്തിലെ ഇളവുകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചു തിരിച്ചു. വന്‍ ഡിസ്കൗണ്ട് മേളകള്‍ സംഘടിപ്പിച്ചു. അതോടെ മദ്യ ഉപഭോഗം വര്‍ധിച്ചു. പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിതുടങ്ങി. അതിനെ തുടർന്ന് കിഴിവുകള്‍ നല്‍കുന്നത് കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ചു.
അവിടെ മുതല്‍ തിരിച്ചടി തുടങ്ങുകയായിരുന്നു. പുതിയ നയത്തിന്റെ നടപടിക്രമങ്ങളില്‍ പോരായ്മയുണ്ടെന്നും ക്രമക്കേടുകളുണ്ടെന്നുമുള്ള ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ വിലയിരുത്തല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായി. 2022 ജൂലൈ എട്ടിന് ചീഫ് സെക്രട്ടറി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനീഷ് സിസോദിയയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ പകര്‍പ്പ് ലഫ്. ഗവർണർ വിനയ് കുമാര്‍ സക്സേനയ്ക്കും അയച്ചു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ രൂപീകരിച്ച മദ്യനയം വഴി സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ ലഫ്. ഗവർണർ വികെ സക്സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കൊടുവില്‍ 2022 ജൂലൈ 31ന് മദ്യനയം പിന്‍വലിച്ചു. 2022 ഓഗസ്റ്റ് 17ന് സിസോദിയയടക്കം 15 പേര്‍ക്കെതിരെ ആദ്യം സിബിഐയും ഓഗസ്റ്റ് 22ന് ഇഡിയും കേസെടുത്തു. റെയ്ഡുകളും നടത്തി.
മദ്യനയ കേസില്‍ ഉള്‍പ്പെട്ടവരുമായി കെജ്‌രിവാള്‍ സ്വന്തം നിലയില്‍ ഇടപെട്ടിരുന്നെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. മദ്യനയത്തിന്റെ ആസൂത്രകൻ കെജ്‌രിവാള്‍ ആണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി തീരുമാനമെടുക്കുന്നു. ഒന്‍പത് തവണ കെജ്‌രിവാളിന് സമന്‍സ് അയയ്ക്കുന്നു. എന്നാല്‍ ഒരു തവണ പോലും കെജ്‌രിവാള്‍ ഹാജരായില്ല. അന്വേഷണ ഏജന്‍സികള്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇന്ത്യയില്‍, അതും തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുമോ? എല്ലാവരും നെറ്റിച്ചുളിച്ചു.
ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞ, ഇത്തവണ നേട്ടം 400 സീറ്റ് കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിനാടകീയമായി ഇഡി സംഘം കെജ്‌രിവാളിന്‍റെ വസതിയിലേക്ക് എത്തി, അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. കെജ്‌രിവാളാണ് മദ്യനയത്തെതിന്‍റെ 'കിങ് പിൻ' എന്ന് ഇഡി നിലപാടെടുത്തു. പിന്നീട് കോടതികളില്‍ അത് ആവർത്തിച്ചു. എന്നാൽ കെജ്‌രിവാളിനെ ജയിലിൽ വെയ്ക്കാൻ തെളിവുകളില്ല എന്നായിരുന്നു, അഭിഭാഷകൻ അഭിഷേക് മനു സ്വിങ്വിയുടെ വാദം. പക്ഷേ വാദങ്ങൾ നിലനിന്നില്ല - കെജ്‍രിവാള്‍ ജയിലിലേക്ക്. പിന്നീട് കെജ്‌രിവാള്‍ പുറം ലോകം കാണുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുമ്പോഴാണ്. അന്ന് കെജ്‌രിവാള്‍ നടത്തിയ രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക്, തന്നെ ജയിലിലടച്ച ഭരണകൂടത്തെ ഉലയ്ക്കാനുള്ള ശേഷിയുണ്ടായിരുന്നു.
ജൂൺ രണ്ടിന് വീണ്ടും ജയിലിലേക്ക്. പിന്നീട് ഒരു ഘട്ടത്തില്‍ വിചാരണക്കോടതി കെജ്‍രിവാളിന് ജാമ്യം അനുവദിക്കുന്നു. ഈ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്യുന്നു. എന്നാല്‍ ഇത് വാക്കാലുള്ള ഉത്തരവ് മാത്രമായിരുന്നു. സ്റ്റേക്കെതിരെ സുപ്രീം കോടതിയില്‍ കെജ്‍രിവാള്‍ സമർപ്പിച്ച ഹർജിയില്‍ ഉത്തരവ് വാക്കാല്‍ പോരാ എന്ന നിരീക്ഷണം വന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറക്കി. ഇപ്പോഴിതാ സിബിഐ അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നു.
ഒരു മദ്യനയത്തെക്കുറിച്ചാണോ ഭരണകൂടത്തിന് ഇത്രയധികം ആശങ്ക? അല്ലെന്ന് വ്യക്തം. കെജ്‍രിവാള്‍ മാത്രമാണ് ലക്ഷ്യം. രാഷ്ട്രീയ എതിര്‍ശബ്ദങ്ങള്‍ക്ക് വിലങ്ങ് അണിയിക്കാന്‍ തിടുക്കപ്പെടുന്നവരാണല്ലോ നമ്മെ ഭരിക്കുന്നത്.