IPL 2025 | ഐപിഎൽ 18-ാം അങ്കത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാവിയെന്ത്? സൂപ്പർ സണ്‍ഡെയില്‍ ഹിറ്റ്മാന്‍ കത്തിക്കയറുമോ, കരയ്ക്കിരിക്കുമോ?

അഞ്ച് കിരീടം മുംബൈക്ക് സമ്മാനിച്ച നായകൻ രോഹിത് ശർമ ഇന്ന് ടീമിൽ കാഴ്ചക്കാരനാണ്
IPL 2025 | ഐപിഎൽ 18-ാം അങ്കത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാവിയെന്ത്? സൂപ്പർ സണ്‍ഡെയില്‍ ഹിറ്റ്മാന്‍ കത്തിക്കയറുമോ, കരയ്ക്കിരിക്കുമോ?
Published on

ഐപിഎല്ലിന്‍റെ 18-ാം സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ നിരാശയിലാണ് അഞ്ച് വട്ടം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ്. ഇന്നത്തെ മത്സരത്തിലോ? എതിരാളികളായെത്തുന്നത് പരാജയമറിയാതെ മുന്നേറുന്ന ഡൽഹി ക്യാപ്പിറ്റൽസും. ചരിത്രത്തിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വർഷമെങ്കിൽ ഇത്തവണ അതേവഴിയിലേക്കാണ് തന്നെയാണ് മുംബൈയുടെ പോക്ക്. രോഹിത് ശർമയും സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും മിച്ചൽ സാൻ്റ്നറും അടക്കമുള്ള ടീമിലെ ഒരുപിടി നായകന്മാരെ ഒന്നിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ഹാർദിക്കിന് നിറവേറ്റാനാകുന്നുണ്ടോയെന്നതാണ് സംശയം.

അഞ്ച് കിരീടം മുംബൈക്ക് സമ്മാനിച്ച നായകൻ രോഹിത് ശർമ ഇന്ന് ടീമിൽ കാഴ്ചക്കാരനാണ്. ഇംപാക്ട് പ്ലെയറായാണ് മിക്ക മത്സരങ്ങളിലും രോഹിത് കളിച്ചത്. ഫീൽഡിൽ പരിചയസമ്പത്ത് ഉപയോഗിക്കാൻ മുംബൈ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, ഇത് ടീമിലെ പടലപ്പിണക്കങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്ന വാദത്തിന് ശക്തിയും നൽകുന്നു. ബാറ്റിങ്ങില്‍ കരിയറിലെ ഏറ്റവും മോശംപ്രകടനങ്ങളിലൊന്നാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. ചെന്നൈക്കെതിരെ നാല് പന്തിൽ പൂജ്യത്തിന് പുറത്തായാണ് ടൂർണമെൻ്റ് രോഹിത് തുടങ്ങിയത്. ഗുജറാത്തിനെതിരെ നാല് പന്തിൽ നേടിയത് എട്ട് റൺസ്. കൊൽക്കത്തയ്‌ക്കെതിരെ 12 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ലഖ്‌നൌവിനെതിരെ പരിക്ക് കാരണം കളിക്കാനായില്ല. ഒടുവിൽ തിരിച്ചുവരവിൽ കഴിഞ്ഞ മത്സരത്തിൽ ആർസിബിക്കെതിരെ മികച്ച തുടക്കം നൽകി ഒന്‍പത് പന്തിൽ 17 റൺസെടുത്തു. രണ്ട് ബൌണ്ടറിയും ഒരു സിക്സറും നേടിയെങ്കിലും 20 റൺസ് കടമ്പ കടക്കാതെ വീണ്ടും പുറത്തായി. ഒരു മികച്ച ഇന്നിങ്‌സിലൂടെ ഹിറ്റ്മാന്‍റെ തിരിച്ചുവരവാണ് രോഹിത് ആരാധകർ സ്വപ്നം കാണുന്നത്.

മുംബൈ ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ നന്നായി കളിക്കുന്നുണ്ട്. പക്ഷേ സഹതാരങ്ങളെ യോജിപ്പിച്ച് നിർത്തുന്നതിൽ വലിയ പിഴവുകളുണ്ടാകുന്നു. ക്യാപ്റ്റൻസിയിലും വിമർശനമുയരുന്നുണ്ട്. മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയിട്ടും പിന്നീട് ഓവർ നൽകാത്തതിലും വലിയ ചർച്ചയായിരുന്നു.


മറുവശത്ത് അക്ഷർ പട്ടേലിന് കീഴിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുകയാണ് ഡൽഹി. കെ.എൽ. രാഹുൽ തകർപ്പൻ ഫോമിലുള്ളതാണ് ടീമിന് ഇരട്ടിക്കരുത്താകുന്നത്.ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളെ തകർത്താണ് ഡൽഹി സ്വന്തം മണ്ണിൽ മുംബൈയെ വരവേൽക്കുന്നത്.


നേർക്കുനേർ എത്തുമ്പോള്‍ മുംബൈ ഇന്ത്യൻസിനാണ് നേരിയ മുൻതൂക്കം. ആകെ കളിച്ചത് 35 മത്സരങ്ങളാണ്. അതില്‍ മുംബൈ ഇന്ത്യൻസ് 19ലും ഡൽഹി 16 മത്സരത്തിലും ജയിച്ചു. കഴിഞ്ഞ സീസണിൽ ഒപ്പത്തിനൊപ്പമാണ് ടീമുകളുടെ പ്രകടനം. രണ്ട് മത്സരങ്ങളിലാണ് 17-ാം സീസണില്‍ ഏറ്റുമുട്ടിയത്. ഒന്നിൽ മുംബൈ ജയിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ ഡൽഹി ജയിച്ചു.



ഇന്നത്തെ മറ്റൊരു സൂപ്പർപോരാട്ടത്തിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് ആറാം റൗണ്ട് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ഇറങ്ങുകയാണ്. വിജയവഴിയിലെത്താൻ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലെത്തുക. രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോടും ആർസിബി ഡൽഹിയോടും തോറ്റാണ് വരുന്നത്. ക്യാപ്റ്റൻ സഞ്ജുവിൻ്റെ തന്ത്രങ്ങൾക്കും രക്ഷിക്കാനാകാത്ത അവസ്ഥയാണ് രാജസ്ഥാന് നിലവില്‍.

ബാറ്റിങ്ങിൽ ഗുജറാത്തിനെതിരെ വൻതകർച്ചയാണ് ടീമിനുണ്ടായത്. എട്ട് താരങ്ങൾക്ക് രണ്ടക്കം കാണാനായില്ല. സഞ്ജു സാംസണും ഷിംറോൺ ഹെറ്റ്മയറും നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. യശശ്വി ജയ്‌സ്വാളിൻ്റെ സ്ഥിരതയില്ലായ്‌മ ടീമിന് വലിയ തിരിച്ചടിയാണ്. ഓപ്പണിങ്ങിൽ സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ജയ്സ്വാളിന് സാധിക്കുന്നില്ല. മികച്ച തുടക്കം നൽകിയ പഞ്ചാബിനെതിരായ മത്സരത്തിൽ ടീമിന് വൻജയം നേടാനും സാധിച്ചു. ജയ്സ്വാളാകട്ടെ അഞ്ചിൽ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കാണാതെ തുടക്കത്തിൽ തന്നെ പുറത്താവുകയായിരുന്നു. ജയ്സ്വാൾ മികച്ച ഫോമിലേക്കെത്തിയാൽ ടീമിന് കരുത്താകും.


മറുവശത്ത് ആർസിബി കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും ഓരോ മത്സരം കഴിയുന്തോറും കരുത്തേറുന്ന സംഘമായി മാറുകയാണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയുടെ മെല്ലെപ്പോക്കാണ് ടീമിന് തിരിച്ചടിയായത്. ബാറ്റർമാരിലും ബൗളർമാരിലും ആശങ്കയില്ല പക്ഷേ സാഹചര്യം ഉപയോഗിക്കുന്നതിലെ പിഴവുകൾ ടീം തിരുത്തിയാൽ രാജസ്ഥാന് വെല്ലുവിളിയാകും.



നേർക്കുനേർ പോരാട്ടത്തില്‍ ആർസിബിക്കാണ് നേരിയ മുൻതൂക്കം. പരസ്പരം മത്സരിച്ച 32 കളികളിൽ 15 കളികളിൽ ആർസിബിയും 14 മത്സരങ്ങളിൽ രാജസ്ഥാനും ജയിച്ചു. മൂന്ന് മത്സരങ്ങളിൽ ഫലമുണ്ടായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com