
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കൊലയാളി ചെന്നായ്ക്കൾ നരനായാട്ട് തുടരുകയാണ്. എട്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ ഒമ്പത് പേരെയാണ് ചെന്നായ്ക്കൾ ഇതുവരെ കൊന്നൊടുക്കിയത്. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ചെന്നായ്ക്കൾ എങ്ങിനെ നരഭോജികളായി മാറിയെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. ചെന്നായ്ക്കൾ പ്രതികാരത്തിനിറങ്ങുന്നതോടെയാണ് ആക്രമണം നടക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.
ഒരുവശത്ത് ഘാഘര നദിയും മറുവശം വനഭൂമിയുമുള്ള ചതുപ്പ് പ്രദേശമാണ് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച്. ഈ പ്രദേശം ചെന്നായ്ക്കളുടെ ആവാസകേന്ദ്രമാണെങ്കിലും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവ മനുഷ്യരെ ആക്രമിച്ചിട്ടില്ല. പൊതുവെ മനുഷ്യരെ കാണുമ്പോൾ ഓടി അകലുന്ന ചെന്നായക്കൾ, മനുഷ്യരെ ആക്രമിക്കുകയോ ഇരയാക്കുകയോ ചെയ്യുന്ന മൃഗമല്ല. കന്നുകാലികളാണ് ചെന്നായ്ക്കളുടെ പ്രധാന ഇര. രാജ്യത്ത് ചെന്നായ്ക്കളുടെ സാന്ദ്രത കൂടുതലുള്ളിടത്തും അവ മനുഷ്യരെ ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. ഒരു തവണ വലിയ തോതിൽ ഭക്ഷണം കഴിച്ച് പിന്നീട് കുറേക്കാലത്തേയ്ക്ക് വേട്ടയാടാതിരിക്കുന്ന രീതിയാണ് ചെന്നായ്ക്കളുടേത്. പക്ഷേ ബഹ്റൈച്ചിലെ ചെന്നായ ആക്രമണങ്ങൾ ആശങ്ക ഉയർത്തുന്നതാണ്.
നദിയിലെ വെള്ളപ്പൊക്കത്തോടെ ആവാസ വ്യവസ്ഥക്ക് മാറ്റം വന്നതും ഇരയുടെ അഭാവവും ചെന്നായ്ക്കളെ നരനായാട്ടിന് പ്രേരിപ്പിച്ചിരിക്കാമെന്നാണ് റിപ്പോർട്ട്. ഒപ്പം വെള്ളപ്പൊക്കത്തിൽ ചെന്നായ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിരിക്കാമെന്നും, വലിയ ചെന്നായക്കൾ പ്രതികാരം ചെയ്യുകയാണെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. അബദ്ധത്തിൽ മനുഷ്യമാംസം, പ്രത്യേകിച്ച്, കുട്ടിയുടെ മാംസം ഭക്ഷിച്ചു കഴിഞ്ഞാണ് ചെന്നായ്ക്കൾ നരഭോജികളായി മാറിയതെന്നാണ് ചിലരുടെ വാദം. മുതിർന്ന ആളുകളെ അപേക്ഷിച്ച് കുട്ടികളെ പിടികൂടുക ചെന്നായ്ക്കൾക്ക് എളുപ്പവുമാണ്.
അലഞ്ഞുതിരിയുന്ന നായ്ക്കളുടെയും ചെന്നായ്ക്കളുടെയും സങ്കരയിനമായ മൃഗങ്ങൾ നരഭോജികളായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. മനുഷ്യരുമായി ഇടപെട്ട് ഭയം നഷ്ടപ്പെടുന്ന നായ്ക്കൾ, ചെന്നായ്ക്കളുമായി ചേരുമ്പോൾ അപകടകാരികളായി മാറും. കൂട്ടമായി സഞ്ചരിക്കുന്ന ചെന്നായ്ക്കളിൽ ഒന്നിനെ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.