എന്താണ് 'വെയർ വോൾഫ് സിൻഡ്രം'? നവജാത ശിശുക്കളിൽ പടരുന്ന രോഗാവസ്ഥയെക്കുറിച്ച് അറിയാം

മലേഷ്യയിൽ ഒരു രണ്ടു വയസുകാരിയിലും 'ഹൈപ്പർ ട്രൈക്കോസിസ്' കണ്ടെത്തിയെങ്കിലും അതിലേക്ക് നയിച്ച കാരണം അവ്യക്തമായി തുടരുകയാണ്
എന്താണ് 'വെയർ വോൾഫ് സിൻഡ്രം'? നവജാത ശിശുക്കളിൽ പടരുന്ന രോഗാവസ്ഥയെക്കുറിച്ച് അറിയാം
Published on


യൂറോപ്യൻ രാജ്യമായ സ്പെയിനിലെ നവജാത ശിശുക്കൾ അസാധാരണമായൊരു രോഗാവസ്ഥ നേരിടുന്നതായുള്ളൊരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നവരാ ഫാർമകോ വിജിലൻസ് സെൻ്റർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സ്പെയിനിൽ കഴിഞ്ഞ വർഷം മുതൽ 12 കുട്ടികൾക്കാണ് 'വെയർ വോൾഫ് സിൻഡ്രം' അഥവാ 'ഹൈപ്പർ ട്രൈക്കോസിസ്' എന്ന രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്.

ന്യൂയോർക്ക് പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് മുടികൊഴിച്ചിൽ തടയാൻ പ്രായപൂർത്തിയായവർക്ക് നൽകുന്ന ചികിത്സയിൽ ഉൾപ്പെടുന്ന 'ടോപിക്കൽ മിനോക്സിഡിൽ' എന്ന മരുന്നിൻ്റെ അംശം രോഗബാധിതരായ കുട്ടികളിലും കണ്ടെത്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പ്രായപൂർത്തിയായ ആളുകളിലെ മുടി കൊഴിച്ചിലിന് പരിഹാരമായി അംഗീകരിച്ചിട്ടുള്ള മരുന്നാണ് ടോപിക്കൽ മിനോക്സിഡിൽ.

ശരീരത്തിൻ്റെ പല ഭാഗങ്ങളിലും അസാധാരണവും അമിതവുമായ രീതിയിൽ രോമ വളർച്ച ഉണ്ടാകുന്ന സാഹചര്യമാണിത്. ഈ അവസ്ഥ മുഖത്തും കൈകളിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും അഞ്ച് സെൻ്റിമീറ്റർ വരെ നീളമുള്ള നേർത്ത രോമങ്ങൾ വളരാൻ കാരണമാകുന്നു. നിലവിൽ വെയർ വോൾഫ് സിൻഡ്രമിന് കാര്യമായ ചികിത്സയില്ല. ഈ അവസ്ഥ ബാധിച്ച വ്യക്തികൾ അവരുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനായി ഷേവിങ്, വാക്സിങ് തുടങ്ങിയ പതിവ് മുടി നീക്കൽ രീതികളെ ആശ്രയിക്കേണ്ടി വരും.

സ്പെയിനിൽ 2023ൽ ഈ അസുഖം ബാധിച്ചൊരു നവജാത ശിശുവിന്, ജനിച്ച് രണ്ടു മാസത്തിനകം ദേഹമാസകലം അമിതമായ രോമ വളർച്ച കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, കുട്ടിയുടെ പിതാവ് മുടി കൊഴിച്ചിൽ തടയാൻ ടോപ്പിക്കൽ മിനോക്‌സിഡിൽ ലായനി ഉപയോഗിച്ചിരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

രോഗം കണ്ടെത്തിയ കുട്ടികളെ പരിചരിച്ചിരുന്ന വ്യക്തികൾ ഈ കെമിക്കൽ ലായനിയുടെ (മിനോക്‌സിഡിൽ) ഉപയോഗം കുറച്ചതോടെ, കുട്ടികളിലെ രോഗാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നതായും കണ്ടെത്തി. അതേസമയം, മലേഷ്യയിൽ ഒരു രണ്ടു വയസുകാരിയിലും 'ഹൈപ്പർ ട്രൈക്കോസിസ്' കണ്ടെത്തിയെങ്കിലും അതിലേക്ക് നയിച്ച കാരണം അവ്യക്തമായി തുടരുകയാണ്. ഈ കുട്ടിയുമായി ബന്ധപ്പെട്ട ആരും തന്നെ മിനോക്‌സിഡിൽ മരുന്ന് ഉപയോഗിച്ചതിന് തെളിവില്ല.

നവജാത ശിശുക്കളിൽ അപകടകരമായ രീതിയിൽ മിനോക്‌സിഡിൽ മരുന്ന് പ്രവർത്തിക്കാനിടയുണ്ടെന്നും അതുമൂലം ഹൈപ്പർ ട്രൈക്കോസിസ് എന്ന രോഗാവസ്ഥ ഉണ്ടാവാമെന്നും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. യൂറോപ്യൻ ഫാർമക്കോവിജിലൻസ് റിസ്ക് അസസ്മെൻ്റ് കമ്മിറ്റിയും നവജാത ശിശുക്കളിൽ മിനോക്സിഡിൽ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com