
പ്രസിഡന്‍റ് പടിയിറങ്ങുമ്പോൾ മകനെ വൈസ് പ്രസിഡന്‍റാക്കി ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ. അക്ഷരാർഥത്തിൽ പിന്തുടർച്ചാവകാശം ഉറപ്പിച്ചാണ് പ്രസിഡൻ്റിൻ്റെ പടിയിറക്കം. പ്രായപരിധിയിൽ ഇളവു കൊണ്ടുവന്നതിനാലാണ് മൂത്ത മകൻ ഗിബ്രാൻ റാക്കാബൂമിങ് റാക്കിനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെത്തിച്ചത്.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമാണ് ഇന്തോനേഷ്യ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ നിലവിലെ പ്രസിഡൻ്റിനെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങളാണ്. നിലവിലെ പ്രസിഡൻ്റായ ജോക്കോ വിഡോഡോസ് മൂന്നാം ഊഴം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മത്സരത്തിന് മകനെ ഇറക്കാൻ തയ്യാറായത്.
72കാരനായ പ്രബോവോ സുബിയാൻ്റോയും 37കാരനായ ഗിബ്രാൻ റാക്കബൂമിങ് റാക്കും യഥാക്രമം പ്രസിഡൻ്റായും വൈസ് പ്രസിഡൻ്റായും ചുമതലയേൽക്കും. ബിസിനസ് ജീവിതവുമായി മുന്നോട്ട് പോയ ഗിബ്രാൻ 2019 ലാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്. രണ്ട് തവണ പ്രസിഡൻ്റ് പദവിയിലിരുന്ന ജോക്കോ വിഡോഡോസിൻ്റെ മൂത്ത മകനാണ് ഗിബ്രാൻ. നിലവിൽ ഒരു നഗരത്തിൻ്റെ മേയറായ ഗിബ്രാന് ചെറുപ്പക്കാർക്കിടയിൽ വലിയ ജനപിന്തുണ കൂടിയുണ്ട്.
പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് പദവിയിലെത്താൻ 40 വയസെന്ന പ്രായപരിധി ഉണ്ടെന്നിരിക്കെ കോടതി ഇടപെടലിലൂടെ ഇളവുകൾ കൊണ്ടുവന്നു. ഇതിന് മുന്നോടിയായി തന്നെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി ഗിബ്രാനെ പ്രഖ്യാപിച്ചിരുന്നു. ഭരണഘടന പദവിയിലിരുന്നാൽ പ്രായപരിധി പ്രശ്നമല്ലെന്നായിരുന്നു കോടതിയുടെ തീരുമാനം. കോടതിയിൽ ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് ഗിബ്രാൻ്റെ അമ്മാവൻ തന്നെയായിരുന്നു.
ഗിബ്രാൻ്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നിൽ ജോക്കോ വിഡോഡോസിൻ്റെ ഭാര്യ ഇരിയാനയാണെന്നാണ് പ്രചരിക്കുന്ന കഥ. ഇളയ സഹോദരൻ്റെയും ഭാര്യയുടെയും ജീവിതരീതികളും പ്രൈവറ്റ് ജെറ്റിലെ യാത്രകളും ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷമായിരുന്നു. കേസംങ്ങിൻ്റെ ഭാര്യക്ക് പെൻസിൽവാനിയയിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ നേടിയതിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ലളിത ജീവിതത്തിൽ നിന്ന് ഉയർന്നുവന്ന നേതാവായ വിഡോഡോസ് പത്ത് വർഷമാണ് അധികാരത്തിലിരുന്നത്. ആദ്യം ജനങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് വിഡോഡോസിൻ്റെ പല തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.