
വെടിനിർത്തൽ കരാറിന് പിന്നാലെ ഐപിഎൽ ഉടനടി പുനരാരംഭിക്കാൻ ശ്രമം തുടങ്ങി സംഘാടകർ. ടൂർണമെൻ്റ് അതിവേഗം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് , ഐപിഎൽ 2025 സീസൺ വ്യാഴാഴ്ചയോ പരമാവധി വെള്ളിയാഴ്ചയോ പുനരാരംഭിക്കാനും സാധ്യതയുണ്ട്.
"വെടിനിർത്തൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഐപിഎൽ പുനരാരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഞങ്ങൾ ഇപ്പോൾ പരിശോധിച്ച് വരികയാണ്. ടൂർണമെൻ്റ് ഉടൻ നടത്താനായി വേദിയും തീയതികളും തീരുമാനിക്കേണ്ടതുണ്ട്. ടീം ഉടമകൾ, പ്രക്ഷേപകർ ഉൾപ്പെടെ എല്ലാവരുമായും ഞങ്ങൾ ഉടനെ സംസാരിക്കുകയും എങ്ങനെ മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയും ചെയ്യും. ഏറ്റവും പ്രധാനമായി ഇക്കാര്യം കേന്ദ്ര സർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ട്," ധുമാൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ച ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ദക്ഷിണേന്ത്യയിലെ മൂന്ന് വേദികൾ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഐപിഎൽ ടൂർണമെൻ്റ് തുടരാൻ ഇന്ത്യൻ സർക്കാരിൻ്റെ അനുമതി ലഭിക്കണമെങ്കിൽ ഈ ഗ്രൗണ്ടുകളാണ് യോജിച്ചതെന്നാണ് ഐപിഎൽ ഗവേണിങ് കൗൺസിലിൻ്റെ വിലയിരുത്തൽ. ഒരാഴ്ചയിലേറെ ഐപിഎൽ നീണ്ടുപോയാൽ അത് ടി20 ലീഗിൻ്റെ സംഘാടനത്തെയാകെ ബാധിക്കും. വിദേശ താരങ്ങൾക്ക് അവരുടെ അന്താരാഷ്ട്ര മത്സര ഷെഡ്യൂൾ മുന്നിൽ നിൽക്കെ ഉടനടി മറ്റൊരു തീയതിയിൽ എങ്ങനെ കളിക്കാനാകുമെന്നതും ആശങ്കയുണർത്തുന്നതാണ്.