
ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന 33ാമത് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രത്യക്ഷപ്പെട്ട രണ്ട് മുഖംമൂടിക്കാർ ആരാണെന്നതിനെ ചൊല്ലി വ്യാപകമായ ചർച്ചകളുയരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം ആരാണ് മുഖം മറച്ചെത്തിയ അജ്ഞാതരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ.
യാന്ത്രിക കുതിരയ്ക്ക് മേലിരുന്ന് ഒളിമ്പിക് വളയങ്ങൾക്കൊപ്പം സെയ്ൻ നദീമുഖത്ത് പ്രത്യക്ഷപ്പെട്ടത് ഒരു സ്ത്രീയാണെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. ഫ്ലോറിയാനെ ഇസേർട്ട് എന്ന വനിതയാണ് മുഖം മൂടി ധരിച്ചെത്തിയ യോദ്ധാവ്. 'ജെൻഡർമെറീ' എന്ന ഫ്രഞ്ച് സൈനിക ഫോഴ്സിൻ്റെ ഭാഗമാണ് ഈ യുവതി. 'ആയുധമേന്തിയ മനുഷ്യർ' എന്നാണ് ഈ പേരിൻ്റെ അർഥം. ഫ്ലോറിയാനെയ്ക്കൊപ്പം ഗെയിംസ് വളണ്ടിയർമാരും ദേശീയ പതാകകളുമേന്തി നദിയിലെ മാർച്ച് പാസ്റ്റിൻ്റെ ഭാഗമായിരുന്നു.
ഇസേർട്ടിന് പുറമെ ദീപശിഖയേന്തിയ മുഖംമൂടിക്കാരനും ഒളിംപിക് ഉദ്ഘാടന ചടങ്ങിൻ്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു. പാരിസിലെ പുരാതനമായ കെട്ടിടങ്ങൾക്കും സ്മാരകങ്ങൾക്കും മുകളിൽ പലപ്പോഴായി പ്രത്യക്ഷപ്പെട്ട ഈ രൂപം ആളുകളിൽ കൗതുകമുയർത്തി. അവസാനം ഫ്രഞ്ച് ഇതിഹാസ ഫുട്ബോളർ സിനദിൻ സിദാന് ദീപശിഖ കൈമാറുന്നത് വരെ ഈ മുഖം മൂടിക്കാരൻ രസകരമായൊരു കാഴ്ചാനുഭൂതി തന്നെ പ്രേക്ഷകർക്ക് പകർന്നുനൽകി.
സിദാനെ കൂടാതെ ഫ്രഞ്ച് കായിക താരങ്ങളായ ടെഡി റൈനർ, മേരി ജോസ് പെരെക്, സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ എന്നിവരും ഒളിമ്പിക് ദീപം വഹിച്ചു. ഈഫൽ ടവറിൻ്റെ ബാൽക്കണിയിൽ നിന്ന് സെലിൻ ഡിയോൺ ഗാനം അവതരിപ്പിച്ചപ്പോൾ ഒരു ചൂടുള്ള ബലൂണിൽ ഘടിപ്പിച്ച കോൾഡ്രൺ ആകാശത്തേക്ക് ഉയർന്നു. സെയ്ൻ തീരത്ത് 320,000 കാണികൾ പങ്കെടുത്ത ചടങ്ങ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വീക്ഷിച്ചു.