ബഷാര്‍ അല്‍ അസദിന്റെ പതനം സ്വപ്‌നം കണ്ട മുന്‍ അല്‍ ഖ്വയ്ദ നേതാവ്; ആരാണ് മൊഹമ്മദ് അല്‍ ഗോലാനി?

ബഷാര്‍ അല്‍ അസദിന്റെ പതനം സ്വപ്‌നം കണ്ട മുന്‍ അല്‍ ഖ്വയ്ദ നേതാവ്; ആരാണ് മൊഹമ്മദ് അല്‍ ഗോലാനി?
Published on

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് ഗവര്‍ണറേറ്റിന്റെ അമീര്‍, തഹ്രീര്‍ അല്‍ഷാം എന്ന സുന്നി വിമതസൈന്യത്തിന്റെ തലവന്‍. സിറിയയിലെ അട്ടിമറി മുന്നേറ്റത്തിന്റെ മാസ്റ്റര്‍ ബ്രെയിനായ മുന്‍ അല്‍ ഖ്വയ്ദ നേതാവ്, ആരാണ് മൊഹമ്മദ് അല്‍ ഗോലാനി?


1982 ല്‍ സൗദി അറേബ്യയിലെ റിയാദില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച അഹമ്മദ് അല്‍-ഷരായാണ് ഇന്ന് സിറിയന്‍ വിമതമുന്നേറ്റത്തിന്റെ നേതൃത്വം വഹിക്കുന്ന മൊഹമ്മദ് അല്‍ ഗൊലാനി. 1967 ല്‍ ഇസ്രയേല്‍ കീഴടക്കിയ ഗോലാന്‍ കുന്നുകളില്‍ നിന്ന് പാലായനം ചെയ്ത തന്റെ കുടുംബത്തിന്റെ പൈതൃകം യുദ്ധനാമമായി സ്വീകരിച്ചാണ് അല്‍ ഷരാ, അല്‍ ഗോലാനിയായി മാറിയത്. 2001 ല്‍ അമേരിക്കയെ നടുക്കിയ ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ചയില്‍ പ്രചോദിതനായി ജിഹാദി പോരാളിയായി മാറിയ ഗോലാനി ഇന്ന് ലോകത്തിന് മുന്നില്‍ സ്വയം അവതരിപ്പിക്കുന്നത് പ്രായോഗികവാദിയായ ഒരു രാഷ്ട്രീയതന്ത്രജ്ഞനായാണ്.



ഇദ്ലിബ് ഗവര്‍ണറേറ്റ് എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ സിറിയന്‍ പ്രവശ്യയുടെ അമീര്‍ അഥവാ തലവനാണ് മൊഹമ്മദ് അല്‍ ഗോലാനി. ആഭ്യന്തരയുദ്ധം അടിച്ചമര്‍ത്തുന്നതില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടം വിജയിച്ചപ്പോള്‍ അതില്‍ നിന്ന് സ്വയംഭരണം പ്രഖ്യാപിച്ച് മാറിനിന്ന മേഖലയാണിത്. 2017 ല്‍ സിറിയന്‍ സാല്‍വേഷന്‍ ആര്‍മിയെന്ന ഈ പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തിയാണ് ഗോലാനിയുടെ തഹ്രീര്‍ അല്‍ ഷാം മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തത്.


എന്നാലതിനുമെത്രയോ മുന്‍പ് ആരംഭിച്ചതാണ് ബഷാര്‍ അല്‍ അസദിനെതിരായ ഗോലാനിയുടെ നിഴല്‍പ്പോര്. 2003 ല്‍ ഇറാഖിലേക്ക് കുടിയേറിയ ഗോലാനി 2008 വരെ ഇറാഖിലെ അമേരിക്കയുടെ ബുക്കാ ജയില്‍ ക്യാംപില്‍ തടവിലായിരുന്നു. മോചനത്തിനുശേഷം അല്‍ ഖ്വയ്ദയുടെ സിറിയന്‍ വിഭാഗമായ ജബാത് അല്‍ നുസ്ര രൂപീകരിക്കുമ്പോള്‍, ഒരൊറ്റ ലക്ഷ്യമായിരുന്നു മുന്നില്‍. ബഷാര്‍ അല്‍ അസദിന്റെ പതനം. 2011 ല്‍ സിറിയയിലേക്ക് മടങ്ങുന്നതു മുതല്‍ ഇന്നുവരെ ഏതുമാര്‍ഗത്തിലായാലും ആ ലക്ഷ്യത്തിലെത്തുന്നതിനു വേണ്ടിയായിരുന്നു ഗോലാനിയുടെ പോരാട്ടം.



അല്‍ നുസ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ഫണ്ടിങ്ങിലൂടെയടക്കം ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് അവകാശവാദമുന്നയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അല്‍ നുസ്‌റയെ ഐഎസുമായി ലയിപ്പിക്കാനുള്ള അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശ്രമങ്ങളെ തള്ളി 2004 ല്‍ ഗോലാനി പ്രഖ്യാപിച്ചു- തന്റെ സൈന്യം കടപ്പെട്ടിരിക്കുന്നത് അല്‍ ഖ്വയ്ദയുമായി മാത്രമെന്ന്. എന്നാല്‍ അതേ അല്‍ ഖ്വയ്ദയുമായുള്ള ബന്ധമെല്ലാം 2017 ല്‍ ഗോലാനി ഉപേക്ഷിച്ചു. ഇതിനിടയ്ക്ക് ജബാത് അല്‍ നുസ്ര ഫത്തേ അല്‍ ഷാമായി മാറുകയും ഇതും പിരിച്ചുവിട്ട് തഹ്രീര്‍ അല്‍ ഷാം രൂപീകരിക്കപ്പെടുകയും ചെയ്തു.


അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുമായി ഏറ്റുമുട്ടാനില്ല എന്ന് പ്രഖ്യാപിക്കുകയും സിറിയയെ പാശ്ചാത്യരാജ്യങ്ങളുടെ ലോഞ്ചിങ് പാഡ് ആക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഗാസയിലും തുടര്‍ന്ന് ലെബനനിലും ഇസ്രയേല്‍ -ഹമാസ്-ഹെസ്‌ബൊള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായപ്പോള്‍ ഓരത്തിരുന്നു കണ്ടു തഹ്രീര്‍ അല്‍ ഷാം. പ്രായോഗികവാദി ആയല്ല, അവസരവാദിയായ ഒരു തന്ത്രജ്ഞനാണ് ഗോലാനിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതിന് അങ്ങനെ കാരണങ്ങളേറെ.



ബഷാര്‍ അല്‍ അസദിന്റെ പ്രധാന സഖ്യകക്ഷിയായ ഇറാനും ഹിസ്ബുള്ളയും ഗാസയിലും ലെബനനിലും പൊരുതി തളര്‍ന്നിരിക്കുന്ന സമയം നോക്കി സിറിയയില്‍ മിന്നാലക്രമണം നടത്തിയതും അതുകൊണ്ടുതന്നെ. വിരോധം അസദിനോട് മാത്രമെന്നും ന്യൂനപക്ഷങ്ങളോട് പ്രതികാരമില്ല എന്നും പറയുമ്പോഴും ചരിത്രപരമായ ചില ആശങ്കള്‍ ഇനിയും അവശേഷിക്കുന്നു. സ്വതന്ത്രമായ ഒരു സിറിയ എന്ന് പറയുമ്പോള്‍ ഇദ്ലിബിലുള്ളതുപോലെ ശരിയായ നിയമത്തിലധിഷ്ടിധമായ തീവ്ര ഇസ്ലാമിസ്റ്റ് ഭരണകൂടമാണ് തഹ്രീര്‍ അല്‍ ഷാം മുന്നോട്ടുവയ്ക്കുന്നത്. അവിടെ ഇസ്ലാമിനോട് വിരോധമില്ലാത്തിടത്തോളം കാലം ന്യൂനപക്ഷങ്ങളും ഷിയാകളും സുരക്ഷിതരാണെന്ന് മാത്രമാണ് ഗോലാനി പറഞ്ഞിട്ടുള്ളത്. അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ പേരുള്ള ഗോലാനിക്കെതിരെ അന്താരാഷ്ട്രതലത്തിലുള്ള യുദ്ധകുറ്റകൃത്യ ആരോപണങ്ങള്‍ ഇവിടെയോര്‍ക്കണം.



താലിബാന്റേതിന് സമാനമായ തലപ്പാവ് ഉപേക്ഷിക്കുമ്പോഴും തീവ്രനിലപാടുകളുപേക്ഷിച്ചിട്ടില്ല എന്നാവര്‍ത്തിച്ചിട്ടുണ്ട് ഗോലാനി. സിറിയയെന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം അത്തരം ഇസ്ലാമിക രാഷ്ട്രങ്ങള്‍ ചേര്‍ന്ന ഒരു അല്‍ ഖ്വയ്ദ ഖിലാഫത്ത് രൂപീകരിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ പലതും ഗോലാനിയുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് രാഷ്ട്രീയ വിദഗ്ദര്‍ കണക്കാക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com