കെമിസ്ട്രി ബിരുദധാരിയില്‍ നിന്ന് ഹിസ്ബുള്ള തലവനിലേക്ക്; ആരാണ് നൈം ഖാസിം

1982 ല്‍ ഹിസ്ബുള്ള രൂപീകരിക്കുമ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം
കെമിസ്ട്രി ബിരുദധാരിയില്‍ നിന്ന് ഹിസ്ബുള്ള തലവനിലേക്ക്; ആരാണ് നൈം ഖാസിം
Published on

ഹസന്‍ നസ്രല്ല കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഹിസ്ബുള്ളയുടെ പുതിയ തലവനായി ഷെയ്ഖ് നൈം ഖാസിം എത്തുന്നത്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഷൂറ കൗണ്‍സില്‍ ആണ് 71 കാരനായ നൈം ഖാസിമിനെ നേതാവായി തിരഞ്ഞെടുത്തത്. പിന്‍ഗാമിയായി പരിഗണിച്ചിരുന്ന ഹാഷിം സൈഫീദ്ദിനും ഇസ്രയേല്‍ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് 30 വര്‍ഷം ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ച നൈം ഖസീം നേതൃസ്ഥാനത്തെത്തുന്നത്. ഹിസ്ബുള്ളയിലെ രണ്ടാം നിരയിലെ നേതാവാണ് ഖാസിം.

ഹിസ്ബുള്ളയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ഖാസിം മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രസ്താവനയില്‍ ഹിസ്ബുള്ള വ്യക്തമാക്കുന്നു. 1953ല്‍ ബെയ്‌റൂട്ടിലാണ് ഖസീമിന്റെ ജനനം. 1991ലാണ് സംഘടനയുടെ ഡെപ്യൂട്ടി ചീഫായി ഖാസിമിനെ നിയമിക്കുന്നത്. 1992ല്‍ ഹിസ്ബുള്ളയുടെ ആദ്യ തെരഞ്ഞെടുപ്പ് കാലം മുതല്‍ ജനറല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയായിരുന്നു.


ഹിസ്ബുള്ളയുടെ നിലവിലെ മുതിര്‍ന്ന നേതാവാണ് നൈം ഖാസിം. ഒക്ടോബര്‍ എട്ടിന് നടത്തിയ പ്രസ്താവനയില്‍ നൈം ഖാസിമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ആരാണ് ആദ്യം കരയുന്നത് എന്നതിനെക്കുറിച്ചുള്ള യുദ്ധമാണ്. ഹിസ്ബുള്ള ആദ്യം കരയില്ല'.

1991 ല്‍ അന്നത്തെ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ആയിരുന്ന അബ്ബാസ് അല്‍ മുസാവിയാണ് നൈം ഖാസിമിനെ ഡെപ്യൂട്ടി ചീഫായി നിയമിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ഇസ്രയേല്‍ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ മുസാവി കൊല്ലപ്പെട്ടു. നസ്രല്ല തലവനായി എത്തിയപ്പോഴും നൈം ഖാസിം ഡെപ്യൂട്ടി ചീഫായി തുടര്‍ന്നു. ഹിസ്ബുള്ളയുടെ അന്താരാഷ്ട്ര വക്താവ് കൂടിയാണ് നൈം. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങളില്‍ സംഘടനയുടെ നിലപാടുകള്‍ വ്യക്തമാക്കി നൈം നിരവധി അഭിമുഖങ്ങളും നല്‍കിയിട്ടുണ്ട്.


1982 ല്‍ ഹിസ്ബുള്ള രൂപീകരിക്കുമ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. ലബനീസ് സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ നൈം ഖാസിം വര്‍ഷങ്ങളോളം കെമിസ്ട്രി അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com