
ഹിന്ദുക്കൾ ജാതി വ്യത്യാസങ്ങൾക്ക് അതീതമായി ഒന്നിച്ചുനിൽക്കണമെന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിൻ്റെ പ്രസംഗത്തിന് വിമർശനവുമായി രാജ്യസഭ എംപിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. മോഹൻ ഭഗവതിൻ്റെ പ്രസംഗത്തിലെ വരികൾ പരാമർശിച്ച് കൊണ്ട്, "നിങ്ങളെ ആര് കേൾക്കുമെന്നാണ്, മോദിയോ," എന്നാണ് കപിൽ സിബൽ എക്സിലൂടെ പരിഹസിച്ചത്.
കഴിഞ്ഞ ദിവസം വിജയദശമി ദിനത്തോടനുബന്ധിച്ച് നാഗ്പൂരിലെ അർഎസ്എസ് ആസ്ഥാനത്ത് നടന്ന വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. ഹിന്ദുക്കൾ ഒന്നിച്ച് നിൽക്കണമെന്നും, ദളിതരിലേക്കും ദുർബല വിഭാഗങ്ങളിലേക്കും എത്തണമെന്നും, ഒരുമിച്ച് ഇടങ്ങളും സൗഹൃദവും പങ്കിടണമെന്നും മോഹൻ ഭഗവത് നിർദേശിച്ചിരുന്നു.
ഹിന്ദുക്കൾ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കണം. വാത്മീകി ജയന്തി ആഘോഷിക്കേണ്ടത്, വാത്മീകി കോളനിയിലുള്ളവർ മാത്രമല്ല. വാത്മീകി മുഴുവൻ ഹിന്ദുക്കൾക്കും വേണ്ടിയാണ് രാമായണമെഴുതിയത്. എല്ലാ ആഘോഷങ്ങളും ഹിന്ദു സമൂഹം ഒന്നടങ്കം ആഘോഷിക്കണമെന്നും മോഹൻ ഭഗവത് വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.