Operation Sindoor | സൈനിക നടപടികള്‍ രാജ്യത്തിന് വിശദീകരിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ; ആരാണ് കേണല്‍ സോഫിയ ഖുറേഷി?

ഒരു സ്ത്രീ എന്നതിലുപരി അവരുടെ കഴിവും പ്രയത്‌നവുമാണ് സോഫിയയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
Operation Sindoor | സൈനിക നടപടികള്‍ രാജ്യത്തിന് വിശദീകരിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ; ആരാണ് കേണല്‍ സോഫിയ ഖുറേഷി?
Published on


ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ 9 ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഓപറേഷൻ സിന്ദൂറിന്‍റെ സൈനിക നടപടികൾ വിശദീകരിച്ചുകൊണ്ട് കര-നാവിക- വ്യോമ സേന സംയുക്തമായി ഇന്ന് വാർത്താ സമ്മേളനം വിളിച്ചു ചേർത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 

ആദ്യം വിക്രം മിസ്രിയാണ് സംസാരിച്ചത്. അദ്ദേഹം പഹൽഗാം ആക്രമണത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇതിന് ശേഷമാണ് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സംസാരിച്ചത്. 

കൃത്യതയോടെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഉന്നമിട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആയുധങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒരു പാക് സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സോഫിയ ഖുറേഷി വിശദീകരിച്ചു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്നും സോഫിയ ഖുറേഷി പറഞ്ഞു. സൈനിക നീക്കങ്ങള്‍ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത് ആദ്യമായാണ്. 

ആരാണ് കേണല്‍ സോഫിയ ഖുറേഷി?


സൈനിക ആശയ വിനിമയം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ആര്‍മി കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി, 1999 ലെ ഓഫീസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയിലൂടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്.

ആര്‍മി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് സോഫിയ വരുന്നത്. മുത്തച്ഛന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ സോഫിയ ഗുജറാത്ത് സ്വദേശിയാണ്.

2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്നറിയപ്പെടുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിന് നേതൃത്വം കൊടുത്ത ആദ്യ വനിത ഉദ്യോഗസ്ഥ എന്ന നേട്ടവും സോഫിയ ഖുറേഷി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.

ആസിയാന്‍ അംഗങ്ങള്‍ അടക്കം ഈ സൈനിക അഭ്യാസത്തിൽ പങ്കെടുത്തിരുന്നു. 18 സൈനിക സംഘങ്ങള്‍ പങ്കെടുത്തതില്‍ ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷി മാത്രമായിരുന്നു സൈനിക സംഘത്തിന് നേതൃത്വം നല്‍കിയ ഏക വനിതാ ഉദ്യോഗസ്ഥ. 2006ല്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന മിഷനിലും സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്നതിലുപരി അവരുടെ കഴിവും പ്രയത്‌നവുമാണ് സോഫിയയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com