
രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിൻ്റെ പിന്തുടർച്ച സംബന്ധിച്ച് ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗത്തിൽ ഉയർന്നുവന്ന പേര് നോയൽ ടാറ്റയുടേതായിരുന്നു. ഇതോടെ, സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെ ആറാമത്തെ ചെയർമാനും സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെ പതിനൊന്നാമത്തെ ചെയർമാനുമായി നോയൽ ടാറ്റ മാറി. 67കാരനായ നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.
1957ൽ ജനിച്ച നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോൻ എൻ ടാറ്റയുടെ മകനാണ്. യുകെയിലെ സസെക്സ് സർവകലാശാലയിൽ നിന്ന് ബിരുദവും, ഇൻസീഡിൽ നിന്നും ഇൻ്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കിയ നോയൽ ടാറ്റ, 40 വർഷമായി ടാറ്റ ട്രസ്റ്റിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും, ടാറ്റ സ്റ്റീലിൻ്റേയും വാച്ച് കമ്പനിയായ ടൈറ്റൻ്റേയും വൈസ് ചെയർമാനുമാണ്.
നേരത്തെ ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ച നോയൽ ടാറ്റ, ഗ്രൂപ്പിൻ്റെ ട്രേഡിങ്ങ്, ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയിൽ വലിയ പങ്കാണ് വഹിച്ചത്. 2010 മുതൽ 2021 വരെയുള്ള കാലയളവിൽ മൂന്ന് ബില്യൺ ഡോളറിൽ നിന്ന് 500 മില്യൺ ഡോളറാക്കി വിറ്റുവരവ് ഉയർത്തി, കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചത് എംഡി സ്ഥാനത്തിരുന്ന നോയൽ ടാറ്റയുടെ നേതൃപാടവമാണ്.
നോയൽ ടാറ്റ ട്രെൻ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ്, റീട്ടെയിൽ വിഭാഗവുമായി പ്രവർത്തിച്ച് 1998ൽ ഒരൊറ്റ സ്റ്റോറിൽ നിന്ന് വിവിധ ഫോർമാറ്റുകളിലുള്ള 700ലധികം സ്റ്റോറുകളിലേക്ക് അത് വിപുലീകരിച്ചത്. ടാറ്റ സൺസിൻ്റെ 50 ശതമാനത്തിലധികം ഉടമസ്ഥതയിലുള്ള സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും ബോർഡിൽ ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2012ൽ ടാറ്റ സൺസിൻ്റെ തലപ്പത്തുനിന്ന് രത്തൻ ടാറ്റ വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും, അത് ഉണ്ടായില്ല.
മുൻ ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയുടെ സഹോദരിയായ ആലൂ മിസ്ത്രിയാണ് നോയൽ ടാറ്റയുടെ ജീവിതപങ്കാളി. ഇരുവർക്കും ലിയ, മായ, നെവിൽ എന്നീ മൂന്ന് മക്കളുണ്ട്. മൂവരും ടാറ്റ ഗ്രൂപ്പിൻ്റെ വ്യവസായരംഗത്ത് സജീവമാണ്.