
എഡിജിപി അജിത്കുമാറും - ആർഎസ്എസ് നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യതയുള്ള ആരാണ് കേരളത്തിൽ ഉള്ളതെന്ന് സുരേഷ് ഗോപി ചോദിച്ചു. കോഴിക്കോട് പി.പി. മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവിൽ നടക്കുന്ന ചർച്ചകളോട് പുച്ഛം മാത്രമാണുള്ളത്. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നത് കുറ്റമാണ്. കേന്ദ്രമന്ത്രിയുടെ കൂച്ചുവിലങ്ങ് ഉള്ളത് കൊണ്ട് താൻ കൂടുതൽ പ്രതികരിക്കുന്നില്ല. എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം. ആര് ആർക്കാണ് വിലക്ക് കൽപ്പിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.
നായനാർ എന്ന മുഖ്യമന്ത്രിയും പി.പി. മുകുന്ദൻ എന്ന ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തുചേർന്നത്. വിമർശിക്കുന്നവർ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. നമ്മളെ ചോദ്യം ചെയ്യേണ്ട ഒരുത്തനും മറുവശത്തില്ല. കൈ നീട്ടിപ്പിടിച്ച് ശുദ്ധമാണെന്ന് താൻ പറയില്ല, പക്ഷെ എന്റെ ഹൃദയം ശുദ്ധമാണെന്നും സുരേഷ് ഗോപി പറഞ്ഞു.