
ഉത്തർപ്രദേശ് അങ്ങനെയാണ്, വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകുന്ന, ആത്മീയതയുടെ അതിപ്രസരമുള്ളൊരു നാട്. 1999ൽ "തനിക്ക് ദൈവത്തിൽ നിന്ന് ഉൾവിളിയുണ്ടായെന്നും, അമാനുഷിക ശക്തി ലഭിച്ചെന്നും" ഉറക്കെ പ്രഖ്യാപിച്ചാണ്, ബഹദൂർ നഗരി ഗ്രാമത്തിലെ കർഷക കുടുംബാംഗമായ സൂരജ് പാല്‍, സ്വയം ഒരു ആൾദൈവമായി അവരോധിക്കുന്നത്. അന്നു മുതൽ അദ്ദേഹത്തെ വിശ്വാസികൾ 'ഭോലെ ബാബ'യെന്ന ചെല്ലപ്പേരിട്ട് വിളിച്ചു. എംഎൽഎമാർ, എംപിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളും ഉൾപ്പെടെ ബാബയുടെ പരിപാടിയിൽ പങ്കെടുക്കാൻ ക്യൂ നിൽക്കുമായിരുന്നു.
സ്വന്തം പേരിൽ നിരവധി ബലാത്സംഗ കേസുകളുള്ളൊരു ആത്മീയാചാര്യനാണ് അദ്ദേഹം. നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ ആഡംബര കാർ പറത്തിയ "വിശുദ്ധ പൊടിമണ്ണ്" ശേഖരിക്കാൻ പോയ ഭക്തജന കൂട്ടമാണ് ഹത്രസിൽ വലിയ ദുരന്തം വരുത്തിവെച്ചത്. ഒരു മോട്ടോർ കാർ അന്തരീക്ഷത്തിൽ പറത്തിവിട്ട പൊടിമണ്ണ് ശേഖരിക്കാനുള്ള പെടാപ്പാടിനൊടുവിൽ 121 സാധാരണക്കാർക്കാണ് സ്വന്തം ജീവൻ നഷ്ടമായത്. 80,000 പേർ പങ്കെടുക്കേണ്ട ആത്മീയ പരിപാടിയിൽ, സകല നിയമങ്ങളും കാറ്റിൽ പറത്തി രണ്ടര ലക്ഷം പേരാണ് ഒത്തുകൂടിയത്.
ആരാണ് ആൾദൈവമായ 'നാരായണ്‍ സാകര്‍ ഹരി'?
ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് സൂരജ് പാലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസ കാലത്തിന് ശേഷം യൗവ്വനത്തിലേക്ക് കടന്നതും, സൂരജ് യു.പി പൊലീസ് സേനയുടെ ഭാഗമായി. 18 വർഷത്തോളം യുപി പൊലീസിന്റെ ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന സൂരജ് പാൽ, 1999ല്‍ പൊലീസ് ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ വഴി തെരഞ്ഞെടുത്തു.ഇങ്ങനെ ആത്മീയത സ്വീകരിക്കുന്നവര്‍ പൊതുവെ ധരിക്കുന്ന കാവി വേഷം അദ്ദേഹം ഒരിക്കലും ഉപയോഗിച്ചില്ല.
പകരം വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഭോലെ ബാബയുടെ വേഷം. ചിലപ്പോഴൊക്കെ കുര്‍ത്തയും പൈജാമയും ധരിച്ചു. പ്രാര്‍ഥനാ യോഗങ്ങളില്‍ ഭാര്യ പ്രേം ബതിയും ബാബയ്ക്കൊപ്പം ഉണ്ടാകാറുണ്ട്. ഭാര്യയ്ക്കൊപ്പം കാസ്‌ഗഞ്ജ് പടിയായിലെ ആഡംബര വസതിയിലാണ് താമസം. നൂറ് കണക്കിന് അംഗരക്ഷകരാൽ ചുറ്റപ്പെട്ടാണ് ബാബ ആൾക്കൂട്ടത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ ഫുൽറയിലെ ഒരു പ്രാർഥനാ യോഗത്തിന് ആൾദൈവമെത്തിയത് അറുപതോളം ആഡംബര കാറുകളുടെ അകമ്പടിയോടെയാണ്.
പേരിൽ അഞ്ച് ബലാത്സംഗ കേസുകൾ
യുപിയിൽ 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് പ്രാര്‍ഥന യോഗത്തിന്റെ, മുഖ്യ സൂത്രധാരനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഭോലെ ബാബ, മുൻപ് അഞ്ച് ബലാത്സംഗ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്. ആഗ്ര, ഇറ്റാവ, കസ്‌ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബാബയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ, ഇത്തരം പ്രാർഥനാ യോഗങ്ങളിൽ ഭോലെ ബാബ നടത്തുന്ന പ്രസ്താവനകൾ ധാരാളം വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
ആത്മീയതയിലൂടെ സമ്പാദിച്ചത് കോടികൾ
യുപിയിലെ മെയ്ൻപുരിയിൽ, 13 ഏക്കറിലായി വ്യാപിച്ചുകിടക്കുകയാണ് ബാബയുടെ ഫൈവ് സ്റ്റാർ ആശ്രമം. ഇത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടുകെട്ടി. നാലു കോടി രൂപ മൂല്യം വരുന്ന ഭൂമിയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. അതിലാകട്ടെ ഫൈവ് സ്റ്റാർ സംവിധാനങ്ങളുള്ള നിരവധി മുറികളുണ്ട്.ആൾദൈവത്തിന് തനിച്ചു താമസിക്കാനായി 6 മുറികളും, മറ്റു കമ്മിറ്റി മെമ്പർമാർക്കും, വളണ്ടിയർമാർക്കും താമസിക്കാനായി 6 മുറികളുമാണ് ആശ്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ആഡംബര ആശ്രമത്തിന് ഒരു പ്രൈവറ്റ് റോഡും, അത്യാധുനിക സംവിധാനങ്ങളുള്ള കഫറ്റീരിയയുമുണ്ട്.
നാല് വർഷം മുമ്പ് സമ്മാനമായി ലഭിച്ചതാണ് ഈ ഭൂമിയെന്നാണ് ബാബ അവകാശപ്പെടുന്നത്. എന്നാൽ, കോടികൾ വിലമതിക്കുന്ന മറ്റ് നിരവധി സ്വത്തുക്കളും ഭോലേ ബാബയ്ക്കുണ്ടെന്ന് രേഖകൾ പറയുന്നു. ഈ സ്വത്തുക്കളിൽ പലതും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ആശ്രമങ്ങളാണ്.ഇയാൾ ഭൂമി കയ്യേറിയെന്ന ആരോപണവും നേരിടുന്നുണ്ട്. എല്ലാ ആഴ്ചയും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ഓരോ സത്സംഗങ്ങളും നടത്താറുണ്ട്. ഈ മാസം 14ന് ആഗ്രയിൽ ബാബയുടെ പ്രാർഥനാ സമ്മേളനം നടക്കേണ്ടതായിരുന്നു. ഹത്രസ് ദുരന്ത പശ്ചാത്തലത്തിൽ ഈ ആൾദൈവം ഇപ്പോൾ ഒളിവിലാണ്.
ജൂലൈ രണ്ടിന് ഹത്രസിൽ നടന്നതെന്താണ്?
ഹത്രസ് ജില്ലയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നാരായണ്‍ ഹരിയുടെ ബഹുമാനാര്‍ത്ഥമാണ് പ്രാര്‍ഥനാ യോഗം സംഘടിപ്പിച്ചത്. ആത്മീയാചാര്യനായ നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ കാർ പറത്തിവിട്ട "വിശുദ്ധ പൊടിമണ്ണ്" ശേഖരിക്കാൻ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനക്കൂട്ടം മത്സരിച്ച് തിക്കിത്തിരക്കിയതാണ് രാജ്യത്തെയാകെ നടുക്കിയ ദുരന്തത്തിലേക്ക് നയിച്ചത്. ഹത്രസ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, സത്സംഗിൻ്റെ സംഘാടകർ 80,000ത്തോളം ആളുകൾക്ക് ഒത്തുചേരാനുള്ള അനുമതിയാണ് തേടിയിരുന്നത്. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തി 2.5 ലക്ഷത്തിലധികം ആളുകൾ എത്തിയിരുന്നു. ആത്മീയ ചടങ്ങായ സത്സംഗത്തിന് ശേഷം ആൾദൈവം കാറിൽ മടങ്ങുമ്പോഴാണ് ആപത്കരമായ സാഹചര്യങ്ങൾ ഉടലെടുത്തത്.
ലക്ഷക്കണക്കിന് ആളുകൾക്കിടയിലൂടെ ആൾദൈവത്തിന്റെ ആഡംബര കാർ കാർ ചീറിപ്പായുന്നതിനിടെ, അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളാണ് ഇവിടെ യഥാർത്ഥത്തിൽ വില്ലനായത്. മണ്ണ് ശേഖരിക്കാൻ സ്ത്രീ-പുരുഷ ഭേദമന്യേ ആൾക്കൂട്ടം പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് നിന്നും കാണാനായത്. പിന്നിൽ നിന്നും ജനക്കൂട്ടം തിക്കിത്തിരക്കി മുന്നിലേക്ക് വരാൻ ശ്രമിച്ചത്, മുൻനിരയിലെ ജനക്കൂട്ടത്തെ താഴെവീഴ്ത്തി ചവിട്ടിക്കൂട്ടിയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പാകത്തിന് പൊലീസ് സേന ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സംഘാടകരുടെ അലംഭാവവും ഞെട്ടിക്കുന്ന മനുഷ്യക്കുരുതിക്ക് കാരണമായി.
ഭക്തരുടെ ആവേശം അതിരുകടക്കുന്നുവെന്ന് തോന്നിയതും, ആൾക്കൂട്ടം ബാബയുടെ അടുത്തേക്ക് പാഞ്ഞുവരുന്നത് തടയാനായി 'സേവാദർ' എന്നറിയപ്പെടുന്ന അനുയായികൾ വടിയുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ ജനക്കൂട്ടം പരസ്‌പരം തട്ടിവീഴുകയും, നിലത്തുവീണവർ പിന്നാലെ വന്നവരുടെ ചവിട്ടേറ്റും ശ്വാസം മുട്ടിയും മരിക്കുകയായിരുന്നു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. രണ്ടര ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച സമ്മേളനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ, വെറും 40 ഓളം പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഭോലെ ബാബയെ ഒഴിവാക്കി സംഘാടകര്‍ക്കെതിരെ മാത്രം കേസെടുക്കാനാണ് പൊലീസ് തീരുമാനം. ആൾദൈവത്തിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.